അന്ന് സുശാന്തിന്റെ മരണത്തിലും ഏറ്റുമുട്ടിയ പൊലീസ്; പോരിന് ഒപ്പം കൂടി ഗവർണർമാരും; ‘നമ്മൾ അറിവില്ലാത്തവരായി മാറുകയാണ്’

Mail This Article
ഇന്ത്യ രൂപീകരിച്ചത് അടിസ്ഥാന പൗരാവകാശങ്ങളായ സ്വാതന്ത്ര്യവും സമത്വവും ഉറപ്പുനൽകുന്ന സംസ്ഥാനങ്ങളുടെ യൂണിയനായാണ്. നിയമനിർമാണസഭയും കോടതിയും മാധ്യമങ്ങളുമുള്ള ഒരു സംവിധാനത്തിൽ എക്സിക്യൂട്ടീവ് ഘടകം ജനങ്ങളോടു സമാധാനം പറയേണ്ട റിപ്പബ്ലിക് എന്നതായിരുന്നു ആശയം. പക്ഷേ, ഭരണഘടന വാഗ്ദാനംചെയ്ത ഉറപ്പുകൾ പാലിക്കാൻ ഈ റിപ്പബ്ലിക്കിനു കഴിഞ്ഞതാകട്ടെ വളരെ അപൂർവമായി മാത്രം. സമത്വം ഇപ്പോഴും വിദൂരലക്ഷ്യം, സ്വാതന്ത്ര്യത്തിന്റെ കാര്യവും അങ്ങനെതന്നെ. സ്വതന്ത്രഇന്ത്യയിലെ ജനാധിപത്യ അപചയവർഷങ്ങളാണ് ജനാധിപത്യ നവീകരണ വർഷങ്ങളെക്കാൾ നീണ്ടത്. അനുപാതം നോക്കിയാൽ, 36.5: 21.5. ജനാധിപത്യം നവീകരിക്കപ്പെട്ട ഇരുപത്തൊന്നര വർഷങ്ങളുണ്ടായിരുന്നെങ്കിൽ, അതിന്റെ തകർച്ചയുടേത് മുപ്പത്തിയാറര വർഷങ്ങളാണ്. ഭരണഘടനതന്നെ ആഴത്തിൽ പതിഞ്ഞുകിടക്കുന്നത് വൈരുധ്യത്തിലാണ്. ഫെഡറലിസത്തിന്റെ കാര്യമെടുത്താൽ, സംസ്ഥാനങ്ങളുടെ അധികാരം സംരക്ഷിക്കുന്നതിനൊപ്പം അവയെ കടത്തിവെട്ടുന്ന മേലധികാരം യൂണിയനും നൽകിയിരിക്കുന്നു. സുരക്ഷതൊട്ട് സമ്പദ്‌വ്യവസ്ഥയും നിയമനിർമാണവും വരെയുള്ള വിഷയങ്ങളിൽ യൂണിയന് അടക്കിഭരിക്കാം. ഭരണഘടന നിലവിൽവന്ന് കഷ്ടിച്ച് ഒരു വർഷമാകുംമുൻപു നെഹ്‌റു സർക്കാർ മുൻകയ്യെടുത്തു കൊണ്ടുവന്ന ആദ്യത്തെ ഭേദഗതി ഭരണഘടനയുടെ മൂലരൂപത്തിൽ ഉറപ്പുനൽകിയിരുന്ന അഭിപ്രായ സ്വാതന്ത്ര്യവും സംഘം ചേരാനുള്ള സ്വാതന്ത്ര്യവും വെട്ടിക്കുറയ്ക്കുന്നതായിരുന്നു. താൽക്കാലത്തേക്കു മാത്രമെന്നു പറഞ്ഞു കൊണ്ടുവന്ന കരുതൽതടങ്കലിനുള്ള വിപുലമായ അധികാരങ്ങൾ അനിശ്ചിതകാലത്തേക്കു നീണ്ടു.