ചെങ്കടലിൽ വഴി തടഞ്ഞ് നേടിയത് 200 കോടി; സഹായത്തിനു പിന്നിൽ ‘ചൈന’യുടെ തന്ത്രം; ഹൂതികളോട് ഇടയാൻ മടിച്ച് ട്രംപ്?

Mail This Article
2025 ജനുവരി 20ന് അമേരിക്കയുടെ പ്രസിഡന്റ് ആയി ഡോണള്‍ഡ് ട്രംപ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍, കടുത്ത ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇസ്രയേലും ഹമാസും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കുറച്ചു ബന്ദികളെ മോചിപ്പിച്ചപ്പോള്‍ ഒന്നരക്കൊല്ലത്തോളം നീണ്ട യുദ്ധത്തിനു വിരാമമായി. ഗാസയിലും വെസ്റ്റ് ബാങ്കിലും ലെബനന്റെ തെക്കന്‍ പ്രദേശത്തും വലിയ നാശനഷ്ടങ്ങള്‍ വരുത്തിയ ഈ യുദ്ധം കൊണ്ട്, ഇതു തുടങ്ങി വെച്ച ഹമാസിനോ അവരുടെ കൂടെ ചേര്‍ന്ന് ഇസ്രയേലിനെ ആക്രമിച്ച ഹിസ്ബുല്ലയ്ക്കോ ഒരു ഗുണവും ഉണ്ടായില്ലെന്നു മാത്രമല്ല, വമ്പിച്ച തിരിച്ചടികളുണ്ടാകുകയും ചെയ്തു. ഇവരെ പിന്തുണച്ച ഇറാനും അവരുടെ സുഹൃത്തായ റഷ്യക്കും തങ്ങള്‍ താങ്ങി നിര്‍ത്തിയിരുന്ന സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടം തകര്‍ന്നു തരിപ്പണമാകുന്നത് തടയുവാനും സാധിച്ചില്ല. ഇസ്രയേലിന്റെയും അവരെ പിന്തുണയ്ക്കുന്ന അമേരിക്കയുടെയും ശക്തി മധ്യപൂര്‍വ പ്രദേശത്തു വര്‍ധിച്ചതായും റഷ്യയുടെയും ഇറാന്റെയും സ്വാധീനം കുറഞ്ഞതായുമാണ് ഈ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ പ്രദേശത്തുണ്ടായ അധികാര സമവാക്യങ്ങളിലെ മാറ്റങ്ങള്‍ തങ്ങളെ ബാധിക്കുന്നില്ല എന്ന രീതിയില്‍ ഒരു സായുധ സേന ഇസ്രയേലിനോടു പോരാട്ടം തുടരുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്റെ പിന്തുണയോടെ യെമന്റെ പകുതി പ്രദേശത്ത് ഭരണം കയ്യാളുന്ന ഹൂതികളാണ് ഈ പ്രഖ്യാപനം നടത്തിയത്. ട്രംപിന്റെ ഉഗ്രശാസനം കേട്ട്, കൂട്ടത്തോടെ ചാവേറുകളെ സൃഷ്ടിക്കുവാന്‍ കെൽപുള്ള ഹമാസും ഇതുവരെ എല്ലാ ഉപദേശ വാക്കുകളും തിരസ്കരിച്ച ഇസ്രയേലും നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ തിരക്കിട്ട് വെടിനിര്‍ത്തല്‍ നടപ്പില്‍ വരുത്തിയപ്പോള്‍, ഇതൊന്നും ബാധകമല്ലെന്ന ഭാവത്തില്‍ യുദ്ധം തുടരുന്ന ഹൂതികള്‍ ആരാണ്? എന്താണ് അവരുടെ ലക്ഷ്യങ്ങള്‍? എന്തു കൊണ്ടാണ് അവര്‍ ആരെയും കൂസാതെ മുന്നോട്ടു പോകുന്നത്? വിശദമായി പരിശോധിക്കാം.