എത്ര കൃത്യമായി കാണുന്നു? – ബി.എസ്.വാരിയർ എഴുതുന്നു

Mail This Article
ക്യാമൽ ബ്രാൻഡ് സിഗററ്റിന് അമേരിക്കയിൽ ഏറെ പ്രചാരമുണ്ടായിരുന്ന കാലം. രസികനായ പ്രഭാഷകൻ സിഗററ്റ് പാക്കറ്റുകളെല്ലാം പോക്കറ്റിലിടാൻ സദസ്യരോട് അഭ്യർഥിച്ചു. എന്നിട്ട് ചോദ്യമുയർത്തി. ക്യാമൽ ബ്രാൻഡ് സിഗററ്റുകൂടിനു പുറത്തുള്ള പടത്തിൽ ഒട്ടകക്കാരൻ (നമ്മുെട ആനക്കാരനെപ്പോലെയുള്ളയാൾ) ഒട്ടകത്തിനു പുറത്തോ മുൻപിലോ പിൻപിലോ? ഓരോരുത്തരും ഉത്തരം മനസ്സിൽ ഉറപ്പിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഓരോ വിഭാഗക്കാരും കൈയുയർത്താൻ പറഞ്ഞു. ഏതാണ്ട് തുല്യമായിരുന്നു മൂന്നു വിഭാഗങ്ങളിലെയും സദസ്യർ. തീരെക്കുറച്ചുപേർ മാത്രമേ കൈയുയർത്താതിരുന്നുള്ളൂ. ‘ഇനി സിഗററ്റ് പാക്കറ്റ് എടുത്തു നോക്കുക’ എന്നു നിർദേശം നൽകി. ഏവരും ഞെട്ടി. ചിത്രത്തിൽ ഒട്ടകം മാത്രമേയുള്ളൂ,ഒട്ടകക്കാരനേയില്ല. ഏതാണ്ട് ഒരു ശതമാനം പേരുടെ മനസ്സിൽ മാത്രമാണ് ശരിയുത്തരമുണ്ടായിരുന്നത്. നിത്യവും പല പ്രാവശ്യം കാണുന്ന ചിത്രത്തിൽ ഒട്ടു മിക്കവരും വേണ്ടവിധം നോക്കിയിരുന്നില്ല. ‘എനിക്കു നല്ല നിരീക്ഷണപാടവമുണ്ട്’ എന്നു മിക്കവരും വിചാരിക്കുന്നു. സത്യം ഇതിൽനിന്ന് ഏറെ അകലെയാണ്. തീരെച്ചുരുക്കം പേർ മാത്രമാണ് കൃത്യതയോടെ കാഴ്ചകൾ നോക്കിക്കാണുന്നത്.