ശരീരത്തിലും കെമിക്കലുകൾ; അടുക്കളയിലെ രസതന്ത്രം; നിങ്ങൾക്കുണ്ടോ കീമോഫോബിയ?

Mail This Article
1983 ‘ഏപ്രിൽ ഫൂൾസ്’ ദിനത്തിൽ, അമേരിക്കയിലെ മിഷിഗനിലെ ആഴ്ചപ്പതിപ്പ് ‘ഡുറാൻഡ് എക്സ്പ്രസിസ്’ ഒരു വാർത്ത പുറത്തുവിട്ടു. നഗരത്തിലെ ജലവിതരണ പൈപ്പുകളിൽ ‘ഡൈ ഹൈഡ്രജൻ ഓക്സൈഡ്’ കലർന്നിട്ടുണ്ട്, അവ പൊള്ളുന്ന നീരാവിയുണ്ടാക്കുമെന്നും അത് മാരകമാകുമെന്നുമായിരുന്നു വാർത്ത. ഇതു വായിച്ചവർ പരിഭ്രാന്തരായെന്നു പറയേണ്ടതില്ലല്ലോ. ‘ഡൈ ഹൈഡ്രജൻ ഓക്സൈഡ്’ എന്നാൽ വെള്ളമാണെന്നു ഭൂരിഭാഗം വായനക്കാർക്കും മനസ്സിലായില്ല. അതായത്, രണ്ടു ഹൈഡ്രജനും ഒരു ഓക്സിജനുമുള്ള പച്ചവെള്ളത്തിന്റെ (H2O) രാസവാക്യം എഴുതിയപ്പോൾ പേടിച്ചെന്നർഥം. തെറ്റിദ്ധാരണകാരണം കെമിക്കലുകൾ അഥവാ രാസപദാർഥങ്ങളോടുണ്ടാകുന്ന അതിയായ ഭയത്തെ കീമോഫോബിയ എന്നു വിളിക്കുന്നു. ചില വാക്കുകളോടും സാഹചര്യങ്ങളോടും മനുഷ്യമനസ്സിന് അതിശക്തമായ പ്രതികരണങ്ങളുണ്ടാകാറുണ്ട്. ഈ പ്രതികരണങ്ങൾ പലപ്പോഴും രാസഘടകങ്ങൾ മൂലമാണു സംഭവിക്കുന്നത്, പ്രത്യേകിച്ച് അവ നമുക്ക് അപരിചിതമാകുമ്പോൾ. അന്യമായ ശബ്ദങ്ങൾ, അപരിചിതമായ പദപ്രയോഗങ്ങൾ, അല്ലെങ്കിൽ ബോധത്തിൽ ആഴത്തിൽ പതിയാത്ത ആശയങ്ങൾ തുടങ്ങിയവയെല്ലാം ഭയത്തിനും ആശയക്കുഴപ്പത്തിനും കാരണമാകാം.