വെറും 100 രൂപ അധികവരുമാനം ലഭിച്ചതിന്റെ പേരിൽ 60,015 രൂപയുടെ അധിക നികുതി ബാധ്യത! എങ്ങനെ നമ്മെ രക്ഷിക്കും മാർജിനൽ റിലീഫ്?

Mail This Article
പുതിയ ആദായനികുതി സ്ലാബുകൾ പ്രഖ്യാപിച്ചപ്പോൾ 12 ലക്ഷം രൂപ വരെ മാത്രം വരുമാനമുള്ളവർ നികുതി നൽകേണ്ടതില്ല എന്ന പ്രഖ്യാപനം വന്നതു മുതൽ നടക്കുന്ന ചർച്ചയാണ് 100 രൂപ അധികം വരുമാനമുണ്ടെങ്കിൽ 60,000 രൂപയ്ക്കു മുകളിൽ നികുതി നൽകേണ്ടിവരുമോ എന്നത്. വേണ്ട എന്നതാണ് യാഥാർഥ്യം. മാർജിനൽ റിലീഫ് എന്ന പേരിൽ അനുവദിച്ചിരിക്കുന്ന ഇളവാണ് ഇവിടെ രക്ഷയാകുന്നത്. ഇൻകം ടാക്സ് നിയമത്തിൽ, ഒരു പരിധി വരെയുള്ള വരുമാനത്തിനു മാത്രം റിബേറ്റ് അനുവദിക്കുമ്പോൾ അതിനു തൊട്ടു മുകളിൽ വരുമാനമുള്ളവരുടെ നികുതിയിൽ ഒറ്റയടിക്കു വൻ വർധന വരുന്നത് ഒഴിവാക്കാനുള്ള വ്യവസ്ഥയാണ് റിബേറ്റിനുള്ള 87എ സെക്‌ഷനിലെ മാർജിനൽ റിലീഫ്. ഇതു പ്രകാരം അധികമായി ലഭിച്ച വരുമാനത്തെക്കാൾ കൂടുതൽ തുക നികുതി അടയ്ക്കേണ്ടതില്ല. ഉദാഹരണമായി പുതിയ നികുതി സ്ലാബുകൾ പ്രകാരം സ്റ്റാൻഡേഡ് ഡിഡക്‌ഷനായ 75,000 രൂപ കിഴിച്ച് 12 ലക്ഷം രൂപ വരുമാനമുള്ളയാൾക്ക് സെസ് കൂടാതെ യഥാർഥത്തിൽ വരേണ്ട നികുതി 60,000 രൂപയാണ്.