എന്തുകൊണ്ട് കോൺഗ്രസിന് വീണ്ടും വീണ്ടും പൂജ്യം? 66 സീറ്റിലും മൂന്നാമത്, മൂന്നിടത്ത് നാലാമത്; 10 വർഷം കഴിഞ്ഞിട്ടും ‘കൈ’ വളർന്നില്ല!

Mail This Article
2008 നവംബർ 29. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ടുരേഖപ്പെടുത്താൻ ജനം വരി നിൽക്കുമ്പോഴും രാജ്യത്തിന്റെ ശ്രദ്ധ മുംബൈയിലായിരുന്നു. അവിടെ രണ്ടുദിവസം മുൻപു നഗരത്തിൽ നുഴഞ്ഞുകയറി നാശം വിതച്ച പാക്ക് ഭീകരരിൽ നിന്ന് നാടിനെ രക്ഷിക്കാനുള്ള എൻഎസ്ജി കമാൻഡോകളുടെ ഓപറേഷൻ ലക്ഷ്യത്തോട് അടുക്കുകയായിരുന്നു. രാജ്യസുരക്ഷയ്ക്കേറ്റ മുറിവ് രാജ്യം ഭരിക്കുന്ന കോൺഗ്രസിന് ഡൽഹി തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി. എന്നാൽ ഫലം വന്നപ്പോൾ കേവല ഭൂരിപക്ഷവും കഴിഞ്ഞ് 8 സീറ്റുകൾ അധികം പിടിച്ചാണ് ഷീല ദീക്ഷിത് ഹാട്രിക് മുഖ്യമന്ത്രിയായത്. എന്നാൽ അതേ കോൺഗ്രസിന് അടുത്ത തിരഞ്ഞെടുപ്പിൽ കിട്ടിയതോ കേവലം 8 സീറ്റ്. ആംആദ്മിയുടെ വരവോടെ രാജ്യതലസ്ഥാനത്ത് പിറകോട്ട് സഞ്ചരിക്കാൻ ആരംഭിച്ച കോൺഗ്രസ് 2015ലെ തിരഞ്ഞെടുപ്പിൽ പൂജ്യം സീറ്റുനേടിയാണ് നാണിച്ച് തലതാഴ്ത്തിയത്. പിന്നീട് 2020ലും ഇതേ നിലതുടർന്ന കോൺഗ്രസ് 2025ൽ അതേ പൂജ്യത്തിൽ ‘ഹാട്രിക്’ നേടിയിരിക്കുകയാണ്. ആംആദ്മിയാണ് ഡൽഹിയിൽ കോൺഗ്രസിന്റെ തളർച്ചയ്ക്കു കാരണം എന്ന വിലയിരുത്തലും ഈ തിരഞ്ഞെടുപ്പു ഫലം പൊളിച്ചിരിക്കുന്നു. ആംആദ്മി തളർന്നപ്പോഴും ഒരു സീറ്റിൽ പോലും ജയിക്കാനാവാതെ ശരശയ്യയിൽ ആണ്ടുപോയിരിക്കുന്നു കോൺഗ്രസ്. 27 വർഷത്തിനുശേഷം ഡൽഹി ഭരിക്കാൻ ബിജെപിക്കു സാധിക്കുന്നത് എഎപിയുടെ പരാജയം കൊണ്ടുമാത്രമല്ല, കോൺഗ്രസിനു ലഭിച്ച ഹാട്രിക് പൂജ്യം കൊണ്ടു കൂടിയാണ്. രാജ്യമെമ്പാടും കോൺഗ്രസ് മുക്ത ഭാരതത്തിനു വേണ്ടി മുറവിളിക്കുന്ന പാർട്ടിയാണ് ബിജെപി. ദില്ലിയിൽ ബിജെപി ‘ഘർവാപസിക്ക്’ ഒരുങ്ങുമ്പോൾ തലസ്ഥാനം കോൺഗ്രസ് മുക്ത ദില്ലിയാകുന്നതും ബിജെപിക്കു കാണാൻ കഴിയുന്നു.