ഡൽഹിയിൽ ബിജെപിക്ക് ‘ബിഹാർ ഹെൽപ്’; പിടിച്ചുനിൽക്കാൻ എഎപി പാടുപെടും; കേജ്രിവാൾ പഞ്ചാബിലേക്ക്? വീണ്ടും ഉയരുമോ ആ ആവശ്യം?

Mail This Article
കോൺഗ്രസിന്റെ കരുത്തയായ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ ന്യൂഡൽഹി മണ്ഡലത്തിൽ 25,864 വോട്ടുകൾക്ക് തറപറ്റിച്ചാണ് 2013ൽ അരവിന്ദ് കേജ്‌രിവാൾ തന്റെ രാഷ്ട്രീയ അരങ്ങേറ്റം ഗംഭീരമാക്കിയത്. എഎപി എന്ന ഡൽഹിയിലെ ‘സ്റ്റാർട്ടപ്’ രാഷ്ട്രീയ പാർട്ടിയുടെ മുന്നേറ്റങ്ങളുടെ തുടക്കവും അവിടെ നിന്നാണ്. പാവപ്പെട്ടവരുടെ പാർട്ടിയായി വളർന്ന എഎപിക്ക് തുടർച്ചയായി രണ്ടുതവണയാണ് ഡൽഹിയിലെ ജനങ്ങൾ ഭരണം സമ്മാനിച്ചത്. അഴിമതിക്കെതിരായ കർശന നിലപാടുകളും വിശ്വാസ്യതയും കൈമുതലാക്കി കുതിച്ച പാർട്ടിക്ക് ഒടുവിൽ വിനയായത് അഴിമതിയും ധൂർത്തും. പ്രതീക്ഷ നൽകിയ പ്രസ്ഥാനവും നേതാക്കളും അഴിമതിയിലും ധൂർത്തിലും മുങ്ങിക്കുളിച്ചതോടെ ഉയർന്ന ജനരോഷമാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിക്കു തിരിച്ചടിയായത്. ∙ തുടക്കം 28ൽ, പിന്നെ കുതിച്ചു 2012ൽ അരവിന്ദ് കേജ‍്‍രിവാൾ ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്ന് രൂപീകരിച്ച എഎപി ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് 2013ലാണ്. അന്ന് 28 സീറ്റുകളാണ് എഎപി നേടിയത്. കോൺഗ്രസ് പിന്തുണ നൽകിയതോടെ എഎപിയുടെ ആദ്യ മുഖ്യമന്ത്രിയായി കേജ‍്‍രിവാൾ സ്ഥാനമേറ്റു. എന്നാൽ ലോക്പാൽ ബിൽ പാസാക്കാൻ കോൺഗ്രസ് പിന്തുണ നൽകാത്തതിനാൽ 49 ദിവസങ്ങൾക്കു ശേഷം കേജ‍്‍രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. തുടർന്ന്് രാഷ്ട്രപതി ഭരണത്തിലായ ഡൽഹിയിൽ 2015ലാണ് വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റിൽ 67 എണ്ണം നേടി എഎപി രാജ്യത്തെ ഞെട്ടിച്ചു. ഇതോടെ അരവിന്ദ് കേജ‍്‍രിവാൾ ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നിരയിലേക്ക് ഉയർന്നു. തുടർന്ന് 2020ൽ നടന്ന തിരഞ്ഞെടുപ്പിലും 62 സീറ്റു നേടി എഎപി ഡൽഹിയുടെ ഭരണം പിടിച്ചു.