പതിനായിരങ്ങളുടെ ജോലി കളഞ്ഞ് ട്രംപും മസ്കും; നുണ പ്രചരിപ്പിച്ച് അനുയായികൾ; ‘ഈ നീക്കം അമേരിക്കയ്ക്ക് വൻ തിരിച്ചടി’

Mail This Article
ജനുവരി 20നു യുഎസ് പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്ത ഉടനെ, തിരഞ്ഞെടുപ്പ് പ്രചാരണസമയത്തും വിജയിച്ചതിനു ശേഷവുമുള്ള നാളുകളിൽ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള വ്യഗ്രതയിലാണ് ഡോണള്‍ഡ് ട്രംപ്. ഇതിനു മുന്‍പ് ഒരു ഭരണകര്‍ത്താവും കാണിക്കാത്ത വേഗതയോടെയും ശുഷ്കാന്തിയോടെയും തന്റെ നിലപാടുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള നയങ്ങള്‍ പ്രഖ്യാപിക്കുകയാണ് അദ്ദേഹം. ഇവ പല മേഖലകളിലും സമൂലമായ മാറ്റങ്ങള്‍ വരുത്താൻ ഉദ്ദേശിച്ചുള്ള നീക്കങ്ങളായതുകൊണ്ടുതന്നെ, ഇത് ലക്ഷ്യമിടുന്നവരും ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ അനുഭവിക്കുന്നവരും ഉള്‍പ്പെടെയുള്ള ഒരു വലിയ വിഭാഗം ജനങ്ങളും വിവിധ രാജ്യങ്ങളും ആകാംക്ഷയുടെ മുള്‍മുനയിലാണ്. താന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങാതിരിക്കുകയോ ഏതെങ്കിലും വ്യക്തികളോ രാഷ്ട്രങ്ങളോ ഇവയ്ക്ക് വിലങ്ങുതടിയാകുമെന്ന പ്രതീതി ജനിപ്പിക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ ശക്തമായി നീങ്ങുമെന്ന തന്റെ താക്കീത് വെറും വാക്കല്ല എന്നും ട്രംപ് തന്റെ നടപടികളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ആരൊക്കെ എത്രയൊക്കെ ഏതൊക്കെ രീതിയില്‍ ബുദ്ധിമുട്ടിയാലും വേണ്ടില്ല തന്റെ ഇംഗിതങ്ങളും ആഗ്രഹങ്ങളും നടന്നേ തീരൂ എന്ന ഉറച്ച നിശ്ചയത്തിലാണ് അമേരിക്കയുടെ പ്രഥമ പൗരന്‍. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതിലും അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വത്തിനുള്ള ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന അവകാശം പിന്‍വലിക്കുന്നതിലും കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് അധിക ചുങ്കം ചുമത്തുന്നതിലുമെല്ലാം പൊതുവായി കാണുന്ന തത്വവും ഇതു തന്നെയാണ്- താന്‍ നടത്തുമെന്ന് പറഞ്ഞ കാര്യങ്ങള്‍ എന്തു വില കൊടുത്തും നടപ്പില്‍ വരുത്തും എന്ന ‘ട്രംപിയൻ വാശി’. ഇവയില്‍ മെക്‌സിക്കോയില്‍നിന്നും