ട്രംപും പുട്ടിനും എല്ലാം തീരുമാനിച്ചു കഴിഞ്ഞു; നോക്കുകുത്തിയായി യൂറോപ്പ്; ആണവായുധ പ്രയോഗം എങ്ങനെ തടയുമെന്നും ചർച്ച

Mail This Article
ഡോണൾഡ് ട്രംപിന്റെ രണ്ടാംവരവ് കൈകാര്യം ചെയ്യാൻ യൂറോപ്യൻ രാജ്യങ്ങൾ മാസങ്ങളോളം ഒരുക്കം നടത്തിയിരുന്നെങ്കിലും ആ വരവിലെ ട്രംപിന്റെ നടപടികളുടെ ആഘാതം അവർ കണക്കുകൂട്ടിയതിലും അപ്പുറത്തായി. അറ്റ്‌ലാന്റിക്കിന്റെ തീരത്തെ രാജ്യങ്ങളെല്ലാം അന്തംവിട്ടു നിൽക്കുകയാണ്. ട്രംപിന്റെ ‘തീരുവയുദ്ധം’ നേരിടാൻ തയാറെടുത്തിരുന്നെങ്കിലും യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് നടത്തിയ അപ്രതീക്ഷിത ഇടപെടൽ അവരെ സുരക്ഷയുടെ കാര്യത്തിൽ ആശങ്കപ്പെടുത്തിയിട്ടുണ്ട്. യുക്രെയ്‌നിലെ ‘ഒരു കാര്യവുമില്ലാത്ത’ യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ട്രംപ് ആവർത്തിച്ചുപറയാറുണ്ടായിരുന്നു. എങ്കിലും, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ട്രംപ് നടത്തിയ ടെലിഫോൺ സംഭാഷണത്തിനും യുഎസ്- റഷ്യ ഉദ്യോഗസ്ഥർ സൗദിയിലെ റിയാദിൽ നടത്തിയ ചർച്ചകൾക്കും ശേഷമുണ്ടായ സംഭവവികാസങ്ങൾ യൂറോപ്പിനെ ഞെട്ടിച്ചു. ഒന്നാമതായി, റിയാദിൽ നടന്ന ചർച്ചയിലേക്ക് യുക്രെയ്ൻ അധികൃതർക്കോ യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികൾക്കോ ക്ഷണമുണ്ടായിരുന്നില്ല. യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള യുഎസിന്റെ നിലപാടിന് ഇപ്പോൾ റഷ്യൻഭാഷ്യത്തോടു സാമ്യം കൂടിവരികയാണെന്നു യൂറോപ്യൻ രാജ്യങ്ങൾ തിരിച്ചറിയുന്നുമുണ്ട്. ‘തിരഞ്ഞെടുക്കപ്പെടാത്ത ഏകാധിപതി’ എന്നാണ് യുക്രെയ്ൻ നേതാവ് വൊളോഡിമിർ സെലൻസ്‌കിയെ ട്രംപ് വിശേഷിപ്പിച്ചത്. യുക്രെയ്‌നിലേക്കുള്ള ആയുധവിതരണം ട്രംപ് നിർത്തിവച്ചതായാണ് റിപ്പോർട്ട്. മാത്രമല്ല