ഒറ്റപ്രസംഗം, യൂറോപ്പ്– യുഎസ് സൗഹൃദം തവിടുപൊടി! ‘വെറുപ്പിക്കലിൽ’ ട്രംപിനൊത്ത വൈസ് പ്രസിഡന്റ്; പുട്ടിൻ എങ്ങനെ യുഎസിന് ‘നല്ല കുട്ടി’യായി?

Mail This Article
അമേരിക്കയുടെ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരം ഏറ്റെടുത്തതിനു ശേഷം അദ്ദേഹത്തെ സന്ദർശിക്കാൻ ഒട്ടേറെ രാഷ്ട്രത്തലവന്മാർ തിടുക്കം കാട്ടുന്നുണ്ട്. ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ഷിഗേരുവിന്റെ വിജയകരമായ യുഎസ് സന്ദര്‍ശനത്തിനെ കുറിച്ച് പോയ വാരം ഈ പംക്തിയിൽ പ്രതിപാദിച്ചിരുന്നു. അദ്ദേഹത്തിന് പുറമേ കഴിഞ്ഞ ഒരു മാസത്തില്‍ ട്രംപിനെ കണ്ടത് 3 രാഷ്ട്രത്തലവന്മാരാണ്– ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല ഇബ്ൻ അൽ ഹുസൈൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവര്‍ക്കെല്ലാമിടയില്‍ പൊതുവായ ഒറ്റക്കാര്യം മാത്രമേയുള്ളൂ. എല്ലാവരും ഏഷ്യയില്‍ നിന്നുള്ളവരാണ്. അതായാത് ട്രംപ് പ്രസിഡന്റായി ഒരു മാസം കഴിഞ്ഞിട്ടും യൂറോപ്പില്‍ നിന്നുള്ള ഒരു രാഷ്ട്രത്തലവന്‍ പോലും അദ്ദേഹത്തെ കാണാനോ ചര്‍ച്ചകള്‍ നടത്താനോ യുഎസിലേക്ക് വിമാനം കയറിയിട്ടില്ല. ഈ കാലയളവില്‍ യൂറോപ്പിലെയും അമേരിക്കയിലെയും മുതിര്‍ന്ന ഭരണകര്‍ത്താക്കൾ ഉള്‍പ്പെട്ട ഒരു യോഗം മാത്രമാണ് നടന്നത്. ഇതിന്റെ വേദി ജര്‍മനിയിലെ മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് (Munich Security Conference arenas MSC) ആയിരുന്നു. 1963 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ നടന്നുവരുന്ന ഈ സമ്മേളനത്തില്‍ രാജ്യാന്തര സുരക്ഷയെ സംബന്ധിച്ച ഗൗരവതരമായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യാറുള്ളത്. ലോക മഹായുദ്ധങ്ങള്‍ പോലെ, മനുഷ്യരാശിക്ക് നാശം സംഭവിക്കാവുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യമാണ് മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് ആരംഭിച്ചതിന് പിന്നിലുള്ളത്. യൂറോപ്പില്‍ നിന്നുള്ള ഭരണാധികാരികള്‍ക്കു പുറമേ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളും സുരക്ഷാ വിദഗ്ധരും ഈ ചർച്ചയിൽ പങ്കെടുക്കാറുണ്ട്. അമേരിക്കയില്‍ നിന്നും വൈസ് പ്രസിഡന്റാണ് സാധാരണയായി പങ്കെടുക്കാനെത്തുക. ട്രംപ് അധികാരമേറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യ മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് എന്ന നിലയ്ക്കും പുതിയ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് സംബന്ധിക്കുന്ന ആദ്യ രാജ്യാന്തര സമ്മേളനം ആയതിനാലും ഫെബ്രുവരി മൂന്നാം വാരം നടന്ന യോഗം ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. യൂറോപ്പിന്റെ ഒരു ഭാഗത്തു തുടരുന്ന റഷ്യ- യുക്രെയ്ന്‍ യുദ്ധം, ഇനിയും പൂര്‍ണ സമാധാനം തിരിച്ചെത്താത്ത ഗാസ, തെക്കന്‍ ചൈന സമുദ്രത്തിലും തയ്‌വാന്‍ തുരുത്തിലും ചൈന നിരന്തരം തുടരുന്ന പ്രകോപനം എന്നിങ്ങനെ ലോകത്തിന്റെ സമാധാനത്തിന് തടസ്സം വരുത്തുന്ന ധാരാളം വിഷയങ്ങള്‍ നിലവിലുണ്ട്. ഇവയോട് അമേരിക്കയിലെ പുതിയ ഭരണകൂടത്തിന്റെ സമീപനമെന്താണ്