അഫാന്റെ കൂട്ടക്കൊലപാതകം പറയുന്നു: ഭയപ്പെടാൻ സമയമായി; ഇപ്പോഴും കേരളം വിഡ്ഢിസ്വർഗത്തിൽ– സക്കറിയ എഴുതുന്നു

Mail This Article
കേരളം സാക്ഷിനിന്നുകൊണ്ടിരിക്കുന്ന കൊലകളുടെയും കൂട്ടക്കൊലകളുടെയും ക്രൂരതകളുടെയും പരമ്പരയിലെ ഏറ്റവും പുതിയ കണ്ണിയാണ് വെഞ്ഞാറമൂടിലെ ദുരന്തം. കുടുംബത്തിലെ നാലംഗങ്ങളെയും പെൺസുഹൃത്തിനെയും ചുറ്റികകൊണ്ടടിച്ചു കൊന്നത് താനാണെന്ന് അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ പൊലീസിനു മൊഴിനൽകിയിട്ടുണ്ട്. വാർത്തകളനുസരിച്ച്, അഫാൻ കോളജ് വിദ്യാഭ്യാസം നേടിയവനാണ്, തൊഴിൽരഹിതനാണ്, ശരാശരി സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ അംഗമാണ്. പിതാവ് വിദേശത്താണ്. കുടുംബത്തിനു സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു എന്നു പറയപ്പെടുന്നു. ശാന്തനായ യുവാവെന്നാണ് അഫാനെ അയൽക്കാർ വിശേഷിപ്പിച്ചത്. കൊല ചെയ്തുവെന്ന് അഫാൻ പൊലീസ് സ്റ്റേഷനിൽപ്പോയി അറിയിക്കുകയായിരുന്നു. കൊലയുടെ കാരണങ്ങളെക്കുറിച്ചു പൊലീസ് അന്വേഷിക്കുന്നു. ഒരു കൊലയോ ആത്മഹത്യയോ ഉണ്ടാകുമ്പോൾ അതു ചെയ്ത വ്യക്തി പെട്ടെന്ന് നമുക്കു മനസ്സിലാവാത്ത ഒരാളായിത്തീരുന്നു. ഇന്നുവരെ നന്നായി അറിയാമെന്നു നാം കരുതിയിരുന്ന ആ വ്യക്തി തന്നെയോ അതുചെയ്തത് എന്നു നാം അദ്ഭുതപ്പെടുന്നു. നമുക്കു നന്നായി അറിയാമെന്നു നാം കരുതുന്ന കേരളവും ആ വ്യക്തിയെപ്പോലെയാണ് എന്നതാണ് വാസ്തവം. നമ്മുടെ രാഷ്ട്രീയ–ജാതി–മത പ്രഘോഷണങ്ങളും മറ്റ് അവകാശവാദങ്ങളും ഒരുപക്ഷേ മനഃപൂർവം മറച്ചുവയ്ക്കുന്ന, അല്ലെങ്കിൽ, കണ്ടില്ലെന്നു നടിക്കുന്ന ഒരു കേരളമുണ്ട്. അതാണ് മലയാളിയുടെ മാനസികാരോഗ്യത്തിന്റെ കേരളം. നാം കണ്ണടച്ച് ഇരുട്ടാക്കിയിരിക്കുന്ന ഒരിടമാണ് അത്.