‘ഞമ്മളിന്ന് കുത്തും. ആണുങ്ങളാരെങ്കിലുമുണ്ടേ വന്നോളീ...’ ‘കൊല്ലുമെന്നു പറഞ്ഞാൽ കൊന്നിരിക്കും...’ ഒരു സിനിമയിൽനിന്നുള്ള ഡയലോഗുകളല്ല മേൽപ്പറ‍ഞ്ഞത്. രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിൽ കൊലവിളി നടത്തിയതുമല്ല. ഈ വാക്കുകൾ വന്നത് സ്കൂൾ വിദ്യാർഥികളിൽ നിന്നാണ്. പത്താം ക്ലാസ് പരീക്ഷയുടെ ചൂടിലേക്കു കടക്കുന്ന മാർച്ചിൽ ഇത്തവണ കേരളം പക്ഷേ ഒന്നാം തീയതിതന്നെ കേട്ടത് ചോരച്ചൂടിന്റെ കഥയാണ്. ട്യൂഷൻ സെന്ററിലെ യാത്രയയപ്പു ചടങ്ങിനിടെ ഉണ്ടായ ഒരു സംഭവം നയിച്ചത് തെരുവിലെ സംഘർഷത്തിലേക്ക്. രണ്ടു സ്കൂളിലെ കുട്ടികൾ ഏറ്റുമുട്ടിയപ്പോൾ ജീവൻ നഷ്ടമായത് ഒരു പത്താം ക്ലാസുകാരനും. കോഴിക്കോട് എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ (15) മരണം കേരളത്തിന് ഞെട്ടലോടെയല്ലാതെ കേൾക്കാനാകില്ല. കുട്ടികൾ മാത്രമല്ല, അൽപം ‘മുതിർന്ന’ വിദ്യാർഥികളും ഒട്ടും പിന്നിലല്ല. കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിന്റെ വിധി നിർണയത്തെ ചൊല്ലി എസ്എഫ്ഐ– കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടിയത് കേരളം കണ്ടിട്ട് അധികനാളായിട്ടില്ല. പരുക്കേറ്റവരുമായി പോയ ആംബുലൻസ് പിന്തുടർന്നെത്തി തടഞ്ഞു വരെ ആക്രമിച്ചു. എന്തിനേറെപ്പറയണം, ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി.ശ്രീനിവാസനെ ഏതാനും വർഷം മുൻപ് അടിച്ചുവീഴ്ത്തിയ മുൻ എസ്എഫ്ഐ നേതാവിന് ഇടതുഭരണത്തിന്റെ കീഴിലുള്ള സ്ഥാപനത്തിൽ ജോലി വാങ്ങിക്കൊടുക്കുകയാണ് പാർട്ടി ചെയ്തത്. ശ്രീനിവാസനെ തല്ലിയതിനെ ന്യായീകരിച്ച് രംഗത്തെത്തിയതാകട്ടെ എസ്‌എഫ്ഐ സംസ്ഥാന സെക്രട്ടിയും. അതിനിടെ റാഗിങ്ങിന്റെ പേരിൽ കലാലയങ്ങളിൽ അരങ്ങേറുന്നത് കൊടുംക്രൂരത. റാഗിങ് തടയേണ്ട വിദ്യാർഥി സംഘടനകൾതന്നെ, അതിന്റെ നേതാക്കൾതന്നെ, അതിനു കുടപിടിക്കുന്നു, നേതൃത്വം നൽകുന്നു. അക്രമത്തിന്റെ കാര്യത്തിൽ കക്ഷിഭേദമന്യേ വിദ്യാർഥി സംഘടനകൾ ‘മുന്നോട്ടാണ്’. ഭരിക്കുന്ന പാർട്ടി പിന്തുണയുണ്ടെന്ന ബലത്തിലുമുണ്ട് അതിക്രമങ്ങൾ. രണ്ട് വിദ്യാർഥി സംഘടനകൾ തമ്മിലുള്ള സംഘർഷം എന്നതിനപ്പുറം രണ്ട് പാർട്ടികൾ തമ്മിലുള്ള രാഷ്ട്രീയ വൈരാഗ്യം എന്ന തലത്തിലേക്കും സംഘർഷങ്ങൾ മാറാറുണ്ട്. ഈ സംഘർഷങ്ങൾക്കിടയിൽ കേരളം വീണ്ടും ഒരു കാര്യ ചർച്ച ചെയ്യുകയാണ്– വിദ്യാലയങ്ങളിൽ രാഷ്ട്രീയം വേണോ? സ്കൂളുകളിലെയും ക്യാംപസുകളിലെയും അക്രമങ്ങൾ ഒഴിവാക്കാനുള്ള ക്രിയാത്മക പ്രവർത്തനങ്ങളിലേക്കല്ലേ വിദ്യാർഥി രാഷ്ട്രീയം ശ്രദ്ധ പതിപ്പിക്കേണ്ടത്? പരസ്പരം തല്ലാനും കൊല്ലാനുമല്ലാതെ, സമത്വവും സാഹോദര്യവും സ്നേഹവുമെല്ലാമല്ലേ വിദ്യാർഥി രാഷ്ട്രീയത്തിന്റെ മുഖമുദ്രയാവേണ്ടത്? നമ്മുടെ വിദ്യാലയങ്ങളിൽ എന്താണു സംഭവിക്കുന്നത്?

loading
English Summary:

Student Clashes, Murders, Deaths, and Ragging: Is it High Time to Discuss Campus Politics in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com