‘ആരാണ് വയലന്റ് സിനിമകൾ ഉണ്ടാക്കുന്നത്, കുട്ടികളാണോ?’ മൊബൈലും സിനിമകളും ലഹരിയും മാത്രമാണോ വഴിതെറ്റിക്കുന്നത്?

Mail This Article
‘‘ഞങ്ങളുടെ വീടിന് ഉറപ്പുള്ള വാതിലുകളുണ്ടായിരുന്നില്ല. പകൽ അതു തുറന്നുകിടന്നു. അടച്ചുറപ്പ് എന്ന സങ്കൽപമേ വീട്ടുകാർക്കില്ലായിരുന്നെന്നു തോന്നുന്നു. ഏതാണ്ട് അതേപോലെയായിരുന്നു അയൽവീടുകളും. അതുകൊണ്ട് ഞങ്ങൾ നാലു ചുവരുകൾക്കപ്പുറത്തേക്കുള്ള ഇടങ്ങളിൽ പറവകളായി. മലയിഞ്ചിക്കാട്ടിലും റബർത്തോട്ടത്തിലും കാട്ടിലും മലയിലും ആറ്റിലുമായി പറന്നു നടന്നു...’’– എഴുത്തുകാരി മൈന ഉമൈബാന്റെ ഈ വാക്കുകൾ ഇന്നത്തെകാലത്തെ എത്ര കുട്ടികൾ വിശ്വസിക്കും! കുട്ടികളെ വീടുകളിൽ അടച്ചിട്ട മുറിയിൽ സമയം ചെലവഴിക്കാൻ മാതാപിതാക്കൾ അനുവദിക്കരുത് എന്ന അഭിപ്രായം ശക്തമാവുകയാണ്. ഒപ്പം മൊബൈൽ ഫോൺ നൽകി കുട്ടികളെ ‘തടവറയിൽ’ ഇടുന്ന അച്ഛനമ്മമാർക്കു നേരെയും ചോദ്യശരങ്ങൾ ഉയരുന്നുണ്ട്. യഥാർഥത്തിൽ നമ്മുടെ കുട്ടികൾക്ക് നന്മ നഷ്ടമാവുകയാണോ? സിനിമയിലെ വയലൻസും ഡിജിറ്റൽ ഡിവൈസുകളുമെല്ലാം അവരുടെ കുട്ടിക്കാലത്തെ കവർന്നെടുക്കുകയാണോ? ലഹരി അവരുടെ ജീവിതമുന്നേറ്റത്തിന്റെ വഴി തടയുകയാണോ? ചുറ്റിലും പൊതു കളിക്കളങ്ങളും കളിക്കാൻ കൂട്ടുകാരുമില്ലാത്ത കുട്ടികൾ പിന്നെന്തു ചെയ്യുമെന്നു ചോദിക്കുന്നത് മുതിർന്നവർ തന്നെയാണ്. സർക്കാർതലത്തിലെ ഇടപെടലിന്റെ സമയം അതിക്രമിച്ചെന്നും അവർ മുന്നറിയിപ്പു നൽകുന്നു. കുട്ടികളിൽ സാമൂഹിക അവബോധം വളർത്താൻ മുതിർന്നവരും കുട്ടികളും എന്തു ചെയ്യണം, എന്തെല്ലാം തിരിച്ചറിയണം? പ്രതികരിക്കുകയാണ് വിവിധ മേഖലയിലെ പ്രമുഖർ...