യുക്രെയ്നിനോട് ട്രംപിന് പണ്ടത്തെ ‘ഹണ്ടർ പക’; പയറ്റുന്നത് റിവേഴ്സ് നിക്സന് തന്ത്രം; ഷിയെ പുകഴ്ത്തിയത് ചൈനയെ തകർക്കാൻ?

Mail This Article
റഷ്യ-യുക്രെയ്ന് യുദ്ധത്തിന് മൂന്നു വയസ്സു തികഞ്ഞ ഫെബ്രുവരി 24ന് യുഎന്‍ പൊതുസഭയില്‍ യൂറോപ്യന്‍ പിന്തുണയോടെ യുക്രെയ്ന് ഒരു പ്രമേയം കൊണ്ടുവന്നു. 2022ല്‍ യുക്രെയ്നിലേക്ക് റഷ്യ നടത്തിയ അധിനിവേശമാണ് യുദ്ധത്തിനു കാരണമെന്നും യുക്രെയ്നിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അഖണ്ഡതയും ഐക്യവും സംരക്ഷിക്കുന്നതില്‍ യുഎന്‍ അംഗങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്നതുമായിരുന്നു ‘അഡ്വാന്‍സിങ് കോംപ്രിഹന്‍സീവ്, ജസ്റ്റ് ആന്‍ഡ് ലാസ്റ്റിങ് പീസ് ഇന്‍ യുക്രെയ്ന്’ എന്ന പേരിലുള്ള പ്രമേയം. ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കുന്നത് നിയമവിധേയമല്ലെന്നു വ്യക്തമാക്കുന്ന പ്രമേയത്തില്‍, യുക്രെയ്നില്‍നിന്ന് എത്രയും വേഗം റഷ്യ പിന്മാറി യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. 193 രാജ്യങ്ങളില്‍ 93 പേര് പിന്തുണയ്ക്കുകയും ഇന്ത്യയടക്കം 65 രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്ത പ്രമേയം സഭയില്‍ പാസായി. 18 രാജ്യങ്ങള്‍ എതിര്‍ത്തു. അതിലൊന്ന് യുഎസ് ആയിരുന്നു. യുദ്ധം തുടങ്ങിയ 2022നു ശേഷം ആദ്യമായാണ് യുഎന്നില്‍ യുഎസ് യുക്രെയ്നിനെതിരെ വോട്ടു ചെയ്യുന്നത്. റഷ്യ, ഉത്തരകൊറിയ, ഹംഗറി, ഇസ്രയേല്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് യുഎസ് യുക്രെയ്നിനെ എതിര്‍ത്തതെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. റഷ്യ-യുക്രെയ്ന് വിഷയത്തില്‍ യുഎസിന്റെ നയവ്യതിയാനം പരസ്യമായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു ഫെബ്രുവരി 24ന് യുഎന്നില്‍. യുക്രെയ്ന് വിഷയത്തില്‍ കാലങ്ങളായി പിന്തുടര്ന്നു പോന്ന വിദേശനയത്തില്‍ മാറ്റം വരുത്തുകയാണ് രണ്ടാം ട്രംപ് സര്‍ക്കാര്‍. യുക്രെയ്നിനെ തള്ളിപ്പറഞ്ഞും യൂറോപ്യന്‍ സഖ്യകക്ഷികളെ മാറ്റിനിര്‍ത്തിയും റഷ്യയോടും ചൈനയോടും ചായ്വു പുലര്‍ത്തിക്കൊണ്ടുള്ള ട്രംപ് നയം രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള യുഎസിന്റെ വിദേശനയത്തിന്റെ സമഗ്രമായ പൊളിച്ചെഴുത്താണെന്നാണ് വിലയിരുത്തപ്പെടുന്നത്.