‘ആസ്ട്രൽ പ്രൊജക്ഷൻ കൊലപാതകത്തിന് പിന്നിൽ മറ്റൊരു കാരണവും: അവരുടെ ‘അന്ധമായ’ ലക്ഷ്യം സാമ്പത്തിക– ലൈംഗിക ചൂഷണം’

Mail This Article
ദുർമന്ത്രവാദത്തെത്തുടർന്നുള്ള കൂട്ടക്കുരുതികളും ആഭിചാരകർമങ്ങളെത്തുടർന്നുള്ള പ്രതികാര പ്രവൃത്തികളുമെല്ലാം ഉത്തരേന്ത്യയിൽനിന്നുള്ള വാർത്തകളിലൂടെ മാത്രം അറിഞ്ഞിരുന്ന കാലം മാറിയിരിക്കുന്നു. ഒരുപക്ഷേ അത്തരം വാർത്തകൾ നമ്മുടെ വീടിന്റെ തൊട്ടപ്പുറത്തു പോലും സംഭവിച്ചേക്കാവുന്ന അവസ്ഥ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിൽ നടന്ന കുറ്റകൃത്യങ്ങളിൽ പലതും വിരൽ ചൂണ്ടുന്നത് അന്ധവിശ്വാസങ്ങളിലേക്കാണ്. ഇലന്തൂർ നരബലി കേസ്, നന്തന്‍കോട് കൂട്ടക്കുരുതി (കേഡൽ ജിൻസൻ രാജ കേസ്), കമ്പകക്കാനം കൂട്ടക്കൊല തുടങ്ങിയവയൊക്കെ അതിൽ ചില ഉദാഹരണങ്ങൾ മാത്രം. പാലക്കാട്ടെ നെന്മാറയിലെ ഇരട്ടക്കൊലക്കേസിലും അന്ധവിശ്വാസം പ്രതിസ്ഥാനത്തുണ്ട്. ഉദ്ദിഷ്ട കാര്യം സാധിക്കാൻ, സാമ്പത്തിക ഉന്നതി കൈവരിക്കാൻ, ആയുസ്സ് നീട്ടിക്കിട്ടാൻ, കുഞ്ഞ് പിറക്കാൻ എന്നിങ്ങനെ പല പല കാര്യങ്ങൾക്കായി ആഭിചാര കേന്ദ്രങ്ങളെ ആശ്രയിക്കുന്നുവെന്നത് അമ്പരപ്പോടെ മാത്രമല്ല, നാണക്കേടോടെയുമാണ് കേരളം കേട്ടിരിക്കുന്നത്. ദുർമന്ത്രവാദികൾ പറയുന്നത് അതേപടി കേട്ട് അടുപ്പക്കാരെപ്പോലും ഇല്ലാതാക്കാൻ ഇറങ്ങിത്തിരിക്കുന്ന മൃഗതുല്യരായ മനുഷ്യരായിരിക്കുന്നു പലരും. എങ്ങനെയാണ് ഇവർ അന്ധവിശ്വാസത്തിന്റെ പിടിയിൽ അമർന്നു പോയത്? ജനാധിപത്യ ബോധമുള്ള സമൂഹം എങ്ങനെയാണ് ആഭിചാരകർമങ്ങളിൽ വേരൂന്നിപ്പോയത്? ലഹരി പോലെ പടർന്നു പിടിച്ച് ഒരു നാടിനെത്തന്നെ ഇല്ലാതാക്കാൻ കെൽപുള്ള ‘കണ്ണില്ലാത്ത’ ഈ വിശ്വാസങ്ങളെ നമുക്ക് കണ്ടില്ലെന്ന് എത്രകാലം നടിക്കാനാകും?