സംസ്ഥാന കമ്മിറ്റി പിടിക്കാന്‍ വിഎസിന്റെ ‘ടീം 17’; റീകൗണ്ടിങ്ങിൽ ‘വെട്ടി’ നായനാർ പക്ഷം; കൊല്ലം കണ്ടു സിപിഎമ്മിലെ തീപാറിയ മത്സരം

Mail This Article
30 വർഷങ്ങൾക്കിപ്പുറം സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് ആരംഭിച്ചിരിക്കുന്നു. അതേസമയം 1995ൽ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിൽ പഴയകാല സഖാക്കളടക്കം പലരുടെയും മനസ്സിലേക്കെത്തുന്ന തീപാറിയ ഒരു മത്സരകഥയുണ്ട്. രൂക്ഷമായ വിഭാഗീയത നിലനിന്ന കാലത്താണ് ആ മത്സരം. ഒരു പക്ഷേ വിഭാഗീയത പിൻസീറ്റിലേക്ക് മാറിയ ഇക്കാലത്ത് അത്തരമൊരു മത്സരം അത്ര എളുപ്പമല്ലെന്നതാണ് വാസ്തവം. 1995 ഫെബ്രുവരി 25 മുതൽ 28 വരെ കൊല്ലം സി. കേശവൻ ടൗൺ ഹാളിൽ നടത്തിയ സമ്മേളനത്തിന്റെ അവസാന ദിനമാണു കേരളത്തിലെ സിപിഎമ്മിന്റെ ചരിത്രത്തിലെ നിർണായകമായ ആ തിരഞ്ഞെടുപ്പിനു കളം മുറുകിയത്. 89 അംഗ സംസ്ഥാന കമ്മിറ്റിയിൽ നാലു പേരുടെ മരണവും കെ.ആർ.ഗൗരിയമ്മ, പി.രാമകൃഷ്ണൻ, വെൺപാല ചന്ദ്രൻ എന്നിവരെ പുറത്താക്കുകയും ചെയ്തതിനെ തുടർന്നു വന്ന ഒഴിവിലടക്കമായിരുന്നു തിരഞ്ഞെടുപ്പ്. അംഗങ്ങളുടെ മരണവും പുറത്താക്കലും കഴിഞ്ഞുള്ള 82 അംഗങ്ങളുടെ കൂട്ടത്തിൽ 30 പേർ വിഎസ് പക്ഷക്കാരായിരുന്നു. അത്രയും പേരെ ഔദ്യോഗിക പാനലിൽ ഉൾപ്പെടുത്തി. 17 പേരെ കൂടി വിജയിപ്പിച്ചെടുത്താൽ സംസ്ഥാന കമ്മിറ്റി പിടിയിലാകും എന്ന പ്രതീക്ഷയിലാണ് ഔദ്യോഗിക പാനൽ ഇ.കെ.നായനാർ അവതരിപ്പിച്ചയുടൻ വിഎസ് പക്ഷക്കാർ 17 പേരുടെ പേരു നിർദേശിച്ചത്.