പാർട്ടിയിൽ പിണറായി വിശ്വസ്തർ, യുവതലമുറ റിയാസിന്റെ അടുപ്പക്കാർ; ശശിയെയും കൈവിടില്ല; ഇനി നയിക്കാൻ ക്യാപ്റ്റനോ വൈസ് ക്യാപ്റ്റന്മാരോ?

Mail This Article
കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനം സമാപനത്തോട് അടുക്കുമ്പോൾ ദുബായിൽ ചാംപ്യൻസ് ട്രോഫി ഫൈനൽ മത്സരം തുടങ്ങുകയായിരുന്നു. ക്യാപ്റ്റൻ സ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനെ അരക്കിട്ടുറപ്പിച്ച് സിപിഎം സമ്മേളനം പിരിയുന്നു. അതേ സമയം ക്രിക്കറ്റ് ആരാധാകരുടെ മുന്നിൽ ആ ചോദ്യം ഉയർന്നു നിന്നു. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമോ ? അതു മാത്രമല്ല ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ച ശേഷം രോഹിത് ശർമ ക്യാപ്റ്റൻ സ്ഥാനത്തു നിന്നു വിരമിക്കുമോ? ഫൈനലിൽ ഇന്ത്യ വിജയിച്ചു കഴിഞ്ഞു. രോഹിത്തിൻ്റെ വിരമിക്കൽ സംബന്ധിച്ച് ക്രിക്കറ്റ് ലോകം ഉത്തരം തേടുമ്പോൾ സിപിഎമ്മിലെ ചോദ്യവും ഏതാണ്ട് സമാനമാണ്. 2026ലെ തിരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ പിണറായി വിജയൻ പാർട്ടിയെ നയിക്കുമോ? അതോ മത്സരിക്കാതെ മാറി നിന്ന് പാർട്ടിയെ നയിക്കുമോ എന്ന തിരുത്തൽ ചോദ്യം. കൊല്ലം സമ്മേളനം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നുണ്ട്. പദപ്രശ്നം പൂരിപ്പിക്കുന്നതു പോലെ സമ്മേളനത്തിലെ കോളങ്ങൾ പൂരിപ്പിച്ചാൽ ഉത്തരത്തിലെത്താം. 90കളിൽ സച്ചിൻ തെൻഡുൽക്കർ ഇന്ത്യയെ നയിക്കുന്ന കാലം. സച്ചിൻ ക്രീസിലുണ്ടെങ്കിൽ ഇന്ത്യയ്ക്ക് വിജയം ഉറപ്പെന്നാണു വിശ്വാസം. സച്ചിൻ ക്രീസിൽ നിന്ന് ഗാലറിയിലേക്ക് മടങ്ങിയാൽ കാണികൾ ടിവി ഓഫ് ചെയ്യും. അതായിരുന്നു സച്ചിനിലുള്ള വിശ്വാസം. സച്ചിൻ എന്ന ക്യാപ്റ്റന് പിന്നിൽ വൈസ് ക്യാപ്റ്റൻമാർ പലരുമുണ്ടായിരുന്നു. പക്ഷേ അവരെ ക്യാപ്റ്റൻ ആക്കാമോ? അതു വേണോ?