‘ലഹരി കിട്ടാത്തപ്പോൾ പശ വലിച്ചു; ഉപ്പുപൊടി എന്നു പറഞ്ഞ് അവർ തന്നത് എംഡിഎംഎ’

Mail This Article
‘‘ ഒൻപതാം ക്ലാസിൽ വച്ചാണ് കൂട്ടുകാരനൊപ്പം കൗതുകത്തിന് ഞാൻ ലഹരി ഉപയോഗിച്ചുനോക്കിയത്. ആഴ്ചയിൽ ഒന്നു വീതം നാലഞ്ച് ആഴ്ച ഉപയോഗിച്ചപ്പോൾ പിന്നീട് അതില്ലാതെ പറ്റില്ലെന്നായി. നല്ല കാശു കൊടുക്കേണ്ടി വരുമെന്നു കൂട്ടുകാരൻ പറഞ്ഞു. അച്ഛനു ബിസിനസാണ്. കള്ളം പറഞ്ഞ് പണം വാങ്ങി. സ്കൂളിനു സമീപം ‘മരുന്ന്’ എത്തിക്കുന്ന സംഘമുണ്ട്. വൈകാതെ അവരിലൊരാളായി. ‘സപ്ലൈ’ കിട്ടാതെ ജീവിക്കാനാവില്ല എന്ന ഘട്ടം വരും. അപ്പോഴേക്കും ആ സംഘത്തിനു പൂർണമായും കീഴ്പ്പെട്ടിരിക്കും. വീട്ടിൽ ഒന്നും അറിഞ്ഞില്ല. പണം കൊടുത്ത് സാധനം കയ്യിലെത്തിയാലും സേഫ് ആണെന്നു പറയാനാവില്ല. നമ്മൾ മുഴുവൻ സമയവും അവരുടെ നിരീക്ഷണത്തിലായിരിക്കും. അവരെ ഒറ്റുന്നുണ്ടോ, പൊലീസിൽ അറിയിക്കുന്നുണ്ടോ, ആരുടെ കൂടെയാണ് ഉപയോഗം എന്നൊക്കെയാണ് നോക്കുന്നത്. സംശയം തോന്നിയാൽ വച്ചേക്കില്ലെന്നു ഭീഷണിപ്പെടുത്തും. ഉപദ്രവിക്കും. വേണ്ടിവന്നാൽ ജീവനെടുക്കും. 10 ഗ്രാം വാങ്ങിയാലും കൈമറിഞ്ഞെത്തുമ്പോൾ അത്ര തൂക്കം കാണില്ല. അതു ചോദിക്കാൻ പാടില്ല. മൂന്നു നാലു വർഷം കഴിഞ്ഞപ്പോൾ ഞാനാകെ മാറി. അപ്പോഴാണ് വീട്ടുകാർ ഞാൻ ലഹരിക്ക് അടിപ്പെട്ടെന്നു മനസ്സിലാക്കുന്നത്. ഇരുട്ട് പേടിയായി, മുറിക്കു പുറത്തിറങ്ങാൻ വയ്യ, സ്വയം മറന്നുള്ള പ്രവൃത്തികൾ. എപ്പോഴും ദേഷ്യം. ഒരു ദിവസം ബൈക്കിനു തീ വച്ചു. അച്ഛന്റെ കട അടിച്ചുതകർത്തു. പഠനം അതോടെ നിലച്ചു. ഒരു ചികിത്സയ്ക്കും വഴങ്ങിയില്ല. എല്ലാവരാലും ഒറ്റപ്പെട്ടു. ഇതിൽനിന്നു രക്ഷപ്പെടണം എന്നൊരു ചിന്ത മനസ്സിനകത്ത് എവിടെയോ ഉണ്ടായിരുന്നു.’’