‘മരടിൽ സ്ഫോടനത്തിൽ ഫ്ലാറ്റ് തകർത്തപ്പോൾ ‘അത്’ സംഭവിച്ചു; കൊച്ചിയെ രക്ഷിച്ചത് അറബിക്കടൽ; കത്തിക്കരുത് കരിയില പോലും’

Mail This Article
ദിവസവും 50 സിഗരറ്റ് വലിക്കുന്നയാളുടെ ആരോഗ്യം എങ്ങനെയുണ്ടാവും? ഏതാണ്ട് ഈ അവസ്ഥയിലൂടെയാണ് ഡൽഹി പോലുള്ള നഗരങ്ങളിൽ ജീവിക്കുന്നവരുടെ ശ്വാസകോശം കടന്നുപോകുന്നത്. വന്‍ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണമാണ് ജനങ്ങളുടെ ആരോഗ്യത്തെ പ്രധാനമായും കാർന്നുതിന്നുന്നത്. ഒരുവേള നമ്മുടെ രാജ്യതലസ്ഥാനം അന്തരീക്ഷ മലിനീകരണത്തിന്റെ ഗുരുതരമായ തലത്തിലേക്ക് എത്തിയിരുന്നു. അന്നു ക്ലാസുകൾ ഓൺലൈനാക്കിയും, ഓഫിസുകളുടെ പ്രവർത്തനം വർക്ക് ഫ്രം ഹോം രീതിയിലാക്കിയും ജനങ്ങളെ പുറത്തിറക്കാതെ വീടുകളിൽ ഇരുത്താനാണ് അധികൃതര്‍ ശ്രദ്ധിച്ചത്. ഒടുവിൽ കൃത്രിമ മഴപോലും പെയ്യിക്കാനുള്ള തയാറെടുപ്പും ഡൽഹി ഭരണകൂടം സ്വീകരിച്ചിരുന്നു. ഇപ്പോഴും ഡല്‍ഹിയിൽ കാണാം പൊടിശല്യവും മലിനീകരണവും തടയാന്‍ റോഡിലൂടെ വെള്ളം ചിതറിച്ചു പോകുന്ന വാഹനങ്ങൾ. എന്നാൽ മഹാനഗരങ്ങളിൽ എത്രനാൾ വീട്ടിനുള്ളിൽ ആളുകളെ അടച്ചിടാനാവും? എത്രകാലം ഇങ്ങനെ വെള്ളം ചിതറിച്ചു മുന്നോട്ടു പോകാനാകും? അങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം കൂട്ടുന്നതിനെ കുറിച്ച് രാജ്യം ആഴത്തിൽ ചിന്തിച്ചു തുടങ്ങിയത്. ലോകത്ത് വായുമലിനീകരണം രൂക്ഷമായ നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ളത് ഇന്ത്യയിലെ നഗരങ്ങളാണ്. ഈ പട്ടികയിൽ കേരളത്തിലെ നഗരങ്ങളൊന്നും നിലവിൽ ഇല്ലെങ്കിലും അന്തരീക്ഷ മലിനീകരണത്തിൽ നമുക്കും വേണം ശ്രദ്ധ. കാരണം മലിനീകരണത്തിനു പ്രധാന കാരണമായ വാഹനപ്പെരുപ്പം കേരളത്തിലുമുണ്ട്. എന്തുകൊണ്ടാണ് കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങൾ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയമായി എന്നു പറയുന്നത്?