‘ഇന്ത്യ നിരുപാധികം കീഴടങ്ങിക്കാണാൻ ആഗ്രഹം; ട്രംപിനെ നേരിടാൻ നയതന്ത്രം പോരാ, ശക്തി കാട്ടണം’

Mail This Article
വിദേശ ഉൽപന്നങ്ങളുടെ ഇറക്കുമതിത്തീരുവയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച വർധന, ആഗോള വിപണിയെ തത്സമയംതന്നെ ബാധിച്ചിട്ടുണ്ട്. ഉരുക്ക്, അലുമിനിയം ഇറക്കുമതിക്ക് അദ്ദേഹം നേരത്തേതന്നെ തീരുവ ചുമത്തിയിരുന്നു. വാഹനഭാഗങ്ങൾക്ക് 25% തീരുവയും നേരത്തേ പ്രഖ്യാപിച്ചതാണ്. യുഎസിൽനിന്നുള്ള ഇറക്കുമതിയെക്കാൾ യുഎസിലേക്കുള്ള കയറ്റുമതിയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങൾക്കാണ് ഇപ്പോൾ ‘പകരംതീരുവ’ ഏർപ്പെടുത്തിയിരിക്കുന്നത്. യുഎസിന് അതതു രാജ്യവുമായുള്ള വ്യാപാരക്കമ്മി, ആ രാജ്യം യുഎസ് ഉൽപന്നങ്ങൾക്കു ചുമത്തിയിട്ടുള്ള തീരുവ, സ്വന്തം കറൻസിയുടെ വിനിമയനിരക്ക് പെരുപ്പിച്ച് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന പ്രവണത, വിദേശ വാണിജ്യ ഇടപാടുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള മറ്റു നിയന്ത്രണങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ഓരോ രാജ്യത്തിനുമുള്ള പകരംതീരുവ നിശ്ചയിച്ചിരിക്കുന്നത്. ഒരു രാജ്യത്തിന്റെ എല്ലാ ഉൽപന്നങ്ങൾക്കും ഒരേ നിരക്കിലാണ് ഈ തീരുവ. എല്ലാ ഇറക്കുമതിക്കും കുറഞ്ഞത് 10% തീരുവയുണ്ട്. യുഎസ് ഉൽപന്നങ്ങളുടെ തീരുവ പൂർണമായും ഒഴിവാക്കിയെന്ന് അവകാശപ്പെടുന്ന ഇസ്രയേലിനുവരെ ഇതു ബാധകം. കംബോഡിയയ്ക്കു 49 ശതമാനവും വിയറ്റ്നാമിനു 46 ശതമാനവുമാണു ട്രംപിന്റെ പകരംതീരുവ. യുഎസ്- ഇന്ത്യ ഉഭയകക്ഷി വ്യാപാരക്കരാറിനുള്ള ചർച്ചയൊക്കെ നടക്കുന്നുണ്ടെങ്കിലും ഇന്ത്യൻ ഉൽപന്നങ്ങൾക്കും ചുമത്തിയിട്ടുണ്ട് 27%. സാമ്പത്തികമായി ദുർബലമായ പാക്കിസ്ഥാനെയും ബംഗ്ലദേശിനെയും വരെ പകരംതീരുവയിൽനിന്ന് ഒഴിവാക്കിയിട്ടില്ല. തുണിത്തരങ്ങളുടെ കയറ്റുമതിയെ ബാധിച്ച് ബംഗ്ലദേശിന്റെ സാമ്പത്തികനില അതു കൂടുതൽ വഷളാക്കുകയും ചെയ്യും.