തുടർച്ചയായി അധികാരം കിട്ടി, ജനങ്ങളെ അകറ്റി; ഇത് ഇടതുപക്ഷത്തിന്റെ പുതിയ ‘സമദൂര സിദ്ധാന്തം’– ജെ. പ്രഭാഷ് എഴുതുന്നു

Mail This Article
വിയറ്റ്നാം യുദ്ധകാലത്ത് സിപിഎം ഇന്ത്യയിൽ ഉയർത്തിയൊരു മുദ്രാവാക്യമുണ്ട്: ‘വിയറ്റ്നാം നിങ്ങളും ഞാനുമാണ്’. കൃത്യം മൂന്നു പതിറ്റാണ്ടിനുശേഷം ഇതേ മുദ്രാവാക്യം മറ്റൊരു രീതിയിൽ ഇടതുഭരണത്തിനെതിരായി ബംഗാളിൽ ഉയർന്നുകേട്ടു: ‘നന്ദിഗ്രാം നിങ്ങളും ഞാനുമാണ്’! ഇടതുപക്ഷം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നതാണ് ഈ വൈരുധ്യം. ഒപ്പം, അത് പഴയ ഇടതുപക്ഷത്തിൽ നിന്നു പുതിയ ഇടതുപക്ഷത്തിലേക്കുള്ള ദൂരത്തെയും കുറിക്കുന്നു. സിപിഎമ്മിന്റെ വിയറ്റ്നാം മുദ്രാവാക്യത്തിന്റെ കാലത്താണ് എം.എസ്.സത്യു ഇന്ത്യാവിഭജനം ആസ്പദമാക്കി ഗരം ഹവ (1973) എന്ന സിനിമ തയാറാക്കിയത്. കമ്യൂണിസത്തെ അതിൽ ഭാവിപ്രതീക്ഷയുടെ പ്രതീകമായി അവതരിപ്പിക്കുന്നൊരു രംഗമുണ്ട്. സിനിമയിലെ നായകൻ സലിം മിർസ ഇന്ത്യയിൽനിന്നു പാക്കിസ്ഥാനിലേക്കു കുടിയേറാൻ റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നു. മാർഗമധ്യേ അയാൾ കമ്യൂണിസ്റ്റു പാർട്ടി പ്രകടനം കാണുകയും പാക്കിസ്ഥാൻ യാത്ര ഉപേക്ഷിച്ച് അതിൽ അണിചേരുകയും ചെയ്യുന്നു.