‘വായിൽ നുരയും പതയും; ഏറ്റവും ക്രൂരമായ മരണം; ഓരോ മൃതദേഹത്തിനു പിന്നിലും ഞങ്ങൾ സംശയിക്കും, അവരെ’

Mail This Article
തെരുവുനായ്ക്കൾ ചർച്ചയാകുമ്പോൾ സമൂഹം രണ്ടു ചേരിയായി തിരിഞ്ഞു ഏറ്റുമുട്ടുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജീവനു ഭീഷണിയായ അവയെ കൊന്നൊടുക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോൾ, മറുവിഭാഗം അതിനെ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്ന് പറയുന്നു. ചെറുപ്പത്തിൽ വളർത്തുമൃഗങ്ങളുമായി അടുത്ത് ഇടപഴകി ജീവിച്ചിരുന്ന ഒരാളാണ് ഞാൻ. മൃഗസ്നേഹിയെന്ന് ഒറ്റവാക്കിൽ പറയാം. നഗരവൽക്കരണം അതിവേഗം പടർന്നു പന്തലിക്കുന്ന ഇക്കാലത്ത് ഗ്രാമപ്രദേശങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിൽ മൃഗങ്ങളെ വളർത്തുന്ന സംസ്കാരം ഇപ്പോൾ അന്യമായിക്കൊണ്ടിരിക്കുകയാണ്. വളർത്തുമൃഗങ്ങളില്ലെങ്കിലും തെരുവുനായ്കൾക്കും അത് സമൂഹത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്കും ഒരു കുറവുമില്ല. പേവിഷബാധയേറ്റ് മരിച്ചവരും നമ്മുടെ നാട്ടിലുണ്ട്. പേവിഷബാധയേറ്റ് മരിച്ചവരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ അങ്ങേയറ്റം കരുതലോടെയും ജാഗ്രതയോടെയുമാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരത്തിൽ മരണമടഞ്ഞവരുടെ മൃതദേഹം രണ്ടുതവണ പോസ്റ്റുമോർട്ടം ചെയ്യേണ്ടതായി വന്നിട്ടുണ്ട്. ആ രണ്ട് സാഹചര്യങ്ങളിലും കൂടെയുള്ള ജീവനക്കാരെ മാറ്റി നിർത്തി ഞാൻ തന്നെയാണ് എല്ലാം ചെയ്തത്. നമുക്ക് വന്നാലും അവർക്ക് വരരുതെന്ന ചിന്താഗതിയായിരുന്നു അപ്പോൾ ഉള്ളിൽ.