‘കല്ലുകളെ ഭയമില്ല, തകർക്കാൻ ചുറ്റികയുണ്ട്’: ഗവർണർ രവിയോട് സ്റ്റാലിൻ; തമിഴകവീര്യം ‘തൊട്രാ, പാക്കലാം..!’

Mail This Article
‘‘ഈ വിധി ചരിത്രമാണ്’’ – ബില്ലുകൾ പിടിച്ചുവച്ച ഗവർണർ ആർ.എൻ.രവിയുടെ നടപടി ചട്ടവിരുദ്ധമെന്ന് ഉത്തരവിട്ട സുപ്രീം കോടതി ഉത്തരവിനു പിന്നാലെ തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. ബിജെപിയെയും നരേന്ദ്ര മോദി സര്‍ക്കാരിനെയും കൂസാത്ത മുഖ്യമന്ത്രിയെന്നു വിശേഷണമുള്ള മുത്തുവേല്‍ കരുണാനിധി സ്റ്റാലിനെ സംബന്ധിച്ചിടത്തോളം അഭിമാനനിമിഷമായിരുന്നു അത്. കേന്ദ്ര സര്‍ക്കാര്‍ പല തന്ത്രങ്ങൾ പയറ്റിയിട്ടും തളരാത്ത പോരാളിയായി, തലൈവരായി സ്റ്റാലിൻ തലയുയർത്തി നിൽക്കുകയാണ്. സ്റ്റാലിനും ഡിഎംകെയ്ക്കും പ്രതിപക്ഷത്തിനും കരുത്തേകുന്ന നിർണായക തീരുമാനമാണു സുപ്രീംകോടതിയുടേത്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ ഗവർണർമാരിലൂടെ വരുതിക്കു നിർത്തുന്ന കേന്ദ്ര സർക്കാരിനുള്ള തിരിച്ചടി കൂടിയാണു കോടതിവിധി. 10 ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച നടപടി നിയമവിരുദ്ധമെന്നു പറഞ്ഞ സുപ്രീംകോടതി, ഗവർണർക്കു വീറ്റോ അധികാരം ഭരണഘടന നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. നിയമങ്ങൾ ജനങ്ങൾക്കു വേണ്ടിയാണ്. ബില്ലുകളിൽ 3 മാസത്തിനകം തീരുമാനമെടുക്കണം. ബില്ലിൽ തീരുമാനം നീട്ടാൻ ഗവർണർക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ‘‘സുപ്രീം കോടതിയുടെ സുപ്രധാന വിധിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, നന്ദി പറയുന്നു. സംസ്ഥാന നിയമസഭകളുടെ നിയമനിർമാണാധികാരം വീണ്ടും ഉറപ്പാക്കുന്നതും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പുരോഗമന നിയമപരിഷ്കാരങ്ങൾ തടയുന്ന ഗവർണർമാരുടെ പ്രവണതയ്ക്ക് അറുതി വരുത്തുകയും ചെയ്ത കോടതിവിധി. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ സന്തുലനം പുനഃസ്ഥാപിക്കുന്നതിനുള്ള മറ്റൊരു നിർണായക ഘട്ടമാണിത്. യഥാർഥ ഫെഡറൽ ഇന്ത്യയെ സൃഷ്ടിക്കുന്നതിനുള്ള തമിഴ്‌നാടിന്റെ നിരന്തര പോരാട്ടത്തിലെ ചരിത്ര വിജയം. തമിഴ്‌നാട് ജനതയ്ക്കും നിയമസംഘത്തിനും അഭിവാദ്യങ്ങൾ. തമിഴ്നാടിനു മാത്രമുള്ള വിജയമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും അവകാശപ്പെട്ടതാണിത്.’’– സ്റ്റാലിൻ വിശദീകരിച്ചു. സംസ്ഥാന മന്ത്രിസഭയുടെ നിർദേശാനുസരണം മാത്രമേ എപ്പോഴും ഗവർണർ പ്രവർത്തിക്കാവൂ എന്നില്ലെന്നു ചൂണ്ടിക്കാട്ടി നേരത്തേ രവി സുപ്രീം കോടതിയിൽ രേഖാമൂലം വാദങ്ങൾ സമർപ്പിച്ചിരുന്നു.