താരിഫ് യുദ്ധത്തിലും മൽഹോത്ര ഞെട്ടിച്ചു; ‘രക്ഷാപ്രവർത്തനം’ പലിശ കുറച്ച്; ഇനി എത്ര കുറയും ഇഎംഐ?

Mail This Article
അടി, തിരിച്ചടി, വീണ്ടും അടി! അമേരിക്കയും ചൈനയും തമ്മിലെ വ്യാപാരയുദ്ധം കൂടുതൽ വഷളാവുകയാണ്. ചൈനീസ് ഉൽപന്ന ഇറക്കുമതിക്കുമേൽ ഇക്കഴിഞ്ഞ ജനുവരിയിൽ പത്തു ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപ്, പിന്നീടത് 54 ശതമാനമാക്കി ഉയർത്തി. യുഎസ് ഉൽപന്ന ഇറക്കുമതിക്കുമേൽ 34 ശതമാനം പകരച്ചുങ്കം ചുമത്തി ചൈന അതിനെ തിരിച്ചടിച്ചു. എന്നാൽ, ചൈനയ്ക്കുമേലുള്ള പകരച്ചുങ്കം 104 ശതമാനമാക്കി കൂട്ടിയായിരുന്നു ട്രംപിന്റെ മറുപടി. ഇപ്പോഴിതാ, യുഎസിനുമേലുള്ള പകരച്ചുങ്കം ചൈന 84 ശതമാനമാക്കി ഉയർത്തിയിരിക്കുകയാണ്. ഫലത്തിൽ, വിട്ടുകൊടുക്കാൻ ഇരുകൂട്ടരും തയാറല്ലെന്നു വ്യക്തം. രാജ്യാന്തര വ്യാപാരയുദ്ധം കൂടുതൽ കൂടുതൽ കലുഷിതവുമാകുന്നു. ലോക സമ്പദ്‍വ്യവസ്ഥയുടെ ഏതാണ്ട് 43 ശതമാനവും ഈ രണ്ടു ലോക സാമ്പത്തിക ശക്തികൾ ചേർന്നാണ് കൈയാളുന്നത്. അതുകൊണ്ടുതന്നെ, ഇവരുടെ കൊണ്ടും കൊടുത്തുമുള്ള പോര് ഏറക്കുറെ എല്ലാ രാജ്യങ്ങളെയും സാരമായി ബാധിക്കും. ഇത്തവണത്തെ പണനയ അവലോകനത്തിൽ റിസർവ് ബാങ്ക് ഇന്ത്യയുടെ നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ജിഡിപി വളർച്ചാ പ്രതീക്ഷ 6.7 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി വെട്ടിക്കുറച്ചതും വെറുതെയല്ല. പണപ്പെരുപ്പത്തേക്കാൾ വലിയ ഭീഷണിയാണ് രാജ്യാന്തര വ്യാപാരയുദ്ധം എന്നാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വിശേഷിപ്പിച്ചത്. ഇന്ത്യയുടെ കയറ്റുമതി മേഖലയെ താരിഫ് യുദ്ധം പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര സമ്പദ്‍വ്യവസ്ഥയ്ക്ക് ഈ അവസരത്തിൽ വലിയ പിന്തുണ നൽകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിസർവ് ബാങ്ക് റീപ്പോനിരക്ക് കാൽ ശതമാനം കൂടിക്കുറച്ചത്.