‘ഭയ്യാ, ഖാനേ കോ ക്യാ മിലേഗാ’: തുപ്പൽ കോലങ്ങള്‍ വിരുന്നുവിളിക്കുന്ന ഇന്ത്യ; നമ്മൾ ഇനിയും മാറേണ്ടതുണ്ട്

Mail This Article
ഒരു മലമുകളിൽ മുഴുവൻ മാർബിളിൽ കൊത്തിയെടുത്ത ജൈനക്ഷേത്രങ്ങളുള്ള സ്ഥലമാണു ഗുജറാത്തിലെ പാലിത്താന. വർഷം മുഴുവൻ തീർഥാടകരെത്തുന്ന കേന്ദ്രം. യാത്രയുടെ ഭാഗമായി അവിടെ എത്തിയതാണ് ഞങ്ങൾ. സ്ഥലത്തെ പ്രത്യേകതകളൊക്കെ കണ്ട്, അവിടത്തെ പ്രശസ്തമായ ഭക്ഷണം കഴിക്കണം എന്നതാണ് ഉദ്ദേശ്യം. നോക്കിയപ്പോൾ എല്ലാ കെട്ടിടങ്ങളുടെയും മുറ്റത്ത് അരികിലായി ചുവന്നനിറത്തിൽ കുറച്ചുഭാഗം; കോലമിട്ടതാണോയെന്നു സംശയം തോന്നി. സൂക്ഷിച്ചുനോക്കിയപ്പോഴാണ് ആളുകൾ പാൻ ചവച്ചുതുപ്പിയതാണെന്നു മനസ്സിലായത്. ആചാരമാണോ എന്നു ചോദിച്ച് ഇടി വാങ്ങാൻ നിൽക്കാതെ സ്‌ഥലം കാലിയാക്കി. ഇനി ഭക്ഷണമാവാം. ഏറ്റവും പ്രശസ്തമായ പൂരിക്കടയിൽത്തന്നെ ചെന്നു. കുറെനേരം കാത്തിരുന്നിട്ടും ആരും വരുന്ന ലക്ഷണം കാണാതെ അൽപം ഉറക്കെ ചോദിച്ചു: ‘ഭയ്യാ, ഖാനേ കോ ക്യാ മിലേഗാ.’ വിശപ്പിത്തിരി ശക്തമായിരുന്നതുകൊണ്ടു ഖാനാ പുല്ലിംഗ് ആണോ സ്ത്രീലിംഗ് ആണോ എന്നാലോചിക്കാൻ പറ്റിയില്ല.