‘ആദ്യ ഐടി പാർക്ക്, എന്നിട്ടും ഇന്ത്യയിൽ മുൻനിരയിൽ എത്താതെ കേരളം; നാടുവിട്ടു ജീവിക്കുന്നതും നല്ലതാണ്’

Mail This Article
ഇന്ത്യയെ മാറ്റിത്തീർത്ത, ഇന്ത്യയ്ക്ക് ഏറ്റവും വലിയ സംഭാവനകൾ നൽകിയ വിദേശ ഇന്ത്യക്കാരുടെ പേരുകൾ പറയാൻ പറഞ്ഞാൽ അതിൽ ഏറ്റവുമാദ്യം ഗാന്ധിജിയുടെ പേര് പലരും ഓർത്തില്ലെന്നു വരും. എന്നാൽ, ഒന്നും രണ്ടുമല്ല 21 വർഷമാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ജീവിച്ചത്; അതിനു മുൻപു മൂന്നുവർഷം ലണ്ടനിലും. നെഹ്റു ഏഴു വർഷമാണ് ഇംഗ്ലണ്ടിലുണ്ടായിരുന്നത്; വി.കെ.കൃഷ്ണമേനോൻ 27 വർഷവും. നാടിന്റെ വിലയറിയാൻ കുറച്ചുകാലം നാടുവിട്ടു ജീവിക്കണം എന്നു പറയാറുണ്ടല്ലോ. അതുപോലെ ജന്മനാടിനു വലിയ സംഭാവനകൾ നൽകാനും കുറച്ചുകാലം നാടുവിട്ടു ജീവിക്കുന്നതു ഗുണം ചെയ്യുമെന്നതിന് നമ്മുടെ രാഷ്ട്രപിതാവിന്റെ ജീവിതംതന്നെ ഉദാഹരണമാണ്. അതു സാമ്പത്തിക സംഭാവനകൾ മാത്രമാകണമെന്നില്ല എന്നാണ് പറഞ്ഞതിന്റെ ചുരുക്കം. എന്നു മാത്രമല്ല, പലപ്പോഴും സാമ്പത്തിക സംഭാവനകളെക്കാൾ അതു വലുതാകാം എന്നും. അടുത്തറിഞ്ഞ ജന്മനാടിനെ അകന്നുനിന്നു നോക്കാനും മറ്റൊരു നാടിനെ അടുത്തറിയാനും വിദേശജീവിതം സഹായിക്കും. ചുമ്മാ ഒരു വിനോദയാത്ര നടത്തുന്നപോലെയല്ല ജോലി ചെയ്‌തോ ബിസിനസ് ചെയ്‌തോ പഠനത്തിനായോ മറ്റൊരിടത്തുപോയി ജീവിക്കുന്നത്. അതു കാഴ്ചപ്പാടുകളിൽ വലിയ മാറ്റം വരുത്തും. മാറിയ മനസ്സുമായി ഇന്ത്യയിലേക്കു തിരിച്ചുവന്നാൽ ആ മാറ്റം ഇവിടെയും പ്രതിഫലിപ്പിക്കാൻ സാധിക്കും.