ഇന്ധനവില 8 രൂപ വരെ കുറയാനുള്ള സാഹചര്യം; പക്ഷേ കേന്ദ്രം ചെയ്തതെന്ത്? എണ്ണക്കമ്പനികൾക്ക് ലാഭം; ഇനി ‘രക്ഷയ്ക്ക്’ ബിഹാർ വിചാരിക്കണം!

Mail This Article
പകരംതീരുവയെ ചൊല്ലി യുഎസും– ചൈനയും തമ്മിലുള്ള പോരാട്ടം മുറുകിയതോടെ താഴേക്ക് വീഴുകയാണ് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില. ക്രൂഡ് വില കുറഞ്ഞതോടെ രാജ്യത്തെ ഇന്ധനവിലയും കുറയുമെന്നാണ് ജനം പ്രതീക്ഷിച്ചത്. പക്ഷേ ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി രണ്ടു രൂപ വീതം വർധിപ്പിച്ചു എന്ന വാർത്തയുമായാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എത്തിയത്. ക്രൂഡ് വില കൂടുമ്പോൾ രാജ്യത്തെ ഇന്ധനവില കൂട്ടാൻ തിരക്കു കൂട്ടുന്ന കേന്ദ്രസർക്കാർ ഇത്തവണ നികുതി ഭാരം ജനത്തിന്റെ തലയിലിട്ടില്ലെങ്കിലും വിലക്കുറവുകൊണ്ടുള്ള പ്രയോജനം ജനങ്ങൾക്കു നിഷേധിക്കുകയായിരുന്നു. ഇന്ധനവിലയിൽ പലവിധ ന്യായങ്ങൾ നിരത്തി ജനത്തിന്റെ കണ്ണിൽപ്പൊടിയിടുന്ന കേന്ദ്രസർക്കാരിന്റെ പതിവു നയം തന്നെയാണ് ഇത്തവണയും ആവർത്തിച്ചത്. ക്രൂഡ് ഓയിൽ വില രാജ്യാന്തര വിപണിയിൽ കഴിഞ്ഞ നാലു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയിട്ടും ഇന്ത്യയെന്ന വലിയ രാജ്യത്തെ ജനങ്ങളുടെ ഭാരം കുറയ്ക്കാനല്ല, പകരം സ്വന്തം പോക്കറ്റ് നിറയ്ക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഡീസലിന്റെയും പെട്രോളിന്റെയും എക്സൈസ് നികുതിയിലെ വർധന വിൽപനവിലയെ ബാധിക്കില്ല എന്ന ന്യായം പറഞ്ഞ സർക്കാർ ഗാർഹികാവശ്യത്തിനുള്ള എൽപിജി പാചകവാതക വിലയിൽ 50 രൂപ വർധിപ്പിക്കുകയും ചെയ്തു. സബ്സിഡി ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്വല പദ്ധതിയിൽ ഉൾപ്പെട്ടവർക്കും വിലവർധന ബാധകമായതോടെ സാധാരണക്കാരനെ ശരിക്കും വലയ്ക്കുന്നതായി വില മാറ്റം.