‘അവരെ’ നേർവഴിക്കാക്കിയാൽ മാത്രം പിണറായി മലയാളികളുടെ രക്ഷകനായി വാഴ്ത്തപ്പെടും– സക്കറിയ എഴുതുന്നു

Mail This Article
ആദ്യമായല്ല മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥരുടെ കർമവിമുഖതയെപ്പറ്റി പരാതിപ്പെടുന്നത്. ഉദ്യോഗസ്ഥർ വച്ചുതാമസിപ്പിക്കുന്ന ഓരോ ഫയലിനും പിന്നിൽ ഒരു ജീവിതമുണ്ട് എന്ന് നാടകീയത അവലംബിച്ചുപോലും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വംകൊണ്ട് ജനങ്ങൾക്കു സേവനം നിഷേധിക്കപ്പെടുന്നു എന്നു മാത്രമല്ല, ഇടതുപക്ഷ സർക്കാരിന്റെ വിശ്വാസ്യതയും സൽപേരും തകർക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരോടുള്ള അദ്ദേഹത്തിന്റെ സമീപനം തോന്ന്യാസിയായ സന്തതിയോടു ചില അച്ഛൻമാർ സ്വീകരിക്കുന്ന വാൽസല്യപൂർവമായ ശകാരത്തിന്റേതായിരുന്നു. ഏതായാലും, അദ്ദേഹം തന്റെ മേലധികാരത്തിനു കീഴിൽ ജോലി ചെയ്യുന്ന– ചെയ്യാതിരിക്കുന്ന– ഉദ്യോഗസ്ഥ സമൂഹത്തിന്റെ ദുഷ്പ്രഭുത്വത്തെപ്പറ്റിയും ജനസേവനനിഷേധത്തെപ്പറ്റിയും ആശങ്കാഭരിതനാണ്. എന്നാൽ, ഉദ്യോഗസ്ഥരെ സ്നേഹപൂർവം ശകാരിക്കുമ്പോഴും ഒരു കാര്യം അവർക്കുവേണ്ടി എടുത്തുപറയാൻ അദ്ദേഹം മറക്കുന്നില്ല: കേരളത്തിലെ സർക്കാർ ജീവനക്കാർക്കിടയിൽ അഴിമതിയില്ല. കൈക്കൂലി നൽകിവരുന്ന ലക്ഷക്കണക്കിനു സാധാരണക്കാരെ ഇത് അദ്ഭുതപ്പെടുത്തിയേക്കാം. പക്ഷേ, കേരളത്തിന്റെ മുഖ്യമന്ത്രി അതു പറയുമ്പോൾ അദ്ദേഹത്തിന്റെ നിഷ്കളങ്കതയെ പ്രശംസിക്കാതെയും വയ്യ.