ആ കുത്തിവയ്പിൽ മരണം; ശരീരത്തിലേക്ക് കടക്കുക എച്ച്ഐവിയും ക്ഷയവും കാൻസറും; വില്ലനാകും പഞ്ഞിയും വെള്ളവും വരെ

Mail This Article
സിറിഞ്ച് പങ്കിട്ട് ഉപയോഗിച്ച് ലഹരി കുത്തിവച്ച സംഘത്തിലെ 10 യുവാക്കൾക്കു സംസ്ഥാനത്ത് എച്ച്ഐവി സ്ഥിരീകരിച്ച വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ലഹരിയുണ്ടാക്കുന്ന മറ്റൊരു വൻവിപത്താണ് അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും 2015 മുതലേ റിപ്പോർട്ട് ചെയ്തിട്ടുള്ള ഇത്തരം കൂട്ട എച്ച്ഐവി ബാധ (ക്ലസ്റ്റർ ഫോർമേഷൻ). മാരകമായ രോഗാണുക്കളാണ് സിറിഞ്ചും സൂചിയും കൈമാറി ലഹരിമരുന്നുകൾ കുത്തിവയ്ക്കുന്നതിലൂടെ പകരുന്നത്. ഇത്തരം ലഹരിസിറിഞ്ച് ഉപയോഗിക്കുന്നവരിൽ മരണസാധ്യത 22 മടങ്ങുവരെ കൂടുതലുമാണ്. ലഹരി ഉപയോഗിക്കാത്തവരിലേക്കും രോഗാണുക്കൾ പകരാമെന്നതാണ് ഇത്തരം സംഭവങ്ങളുടെ മറ്റൊരു നിർഭാഗ്യ വസ്തുത. ഇവരുമായി അടുത്തിടപഴകുന്നവരിലേക്കും കുടുംബാംഗങ്ങളിലേക്കും ഹെപ്പറ്റൈറ്റിസ് ബി ഉൾപ്പെടെയുള്ള രോഗങ്ങൾ പടരാം. നാം നിയന്ത്രണവിധേയമാക്കിക്കൊണ്ടിരിക്കുന്ന എച്ച്ഐവി, ക്ഷയം പോലെയുള്ള രോഗങ്ങളുടെ ശക്തമായ തിരിച്ചുവരവിനും സാധ്യതയുണ്ട്. നാഷനൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ പഠനപ്രകാരം ഇന്ത്യയിലെ എച്ച്ഐവി ബാധയുടെ പ്രധാന കാരണങ്ങളിലൊന്ന് സിറിഞ്ചുവഴിയുള്ള ലഹരി ഉപയോഗമാണ്.