ഇങ്ങനെ ചില ചിരികൾ മലയാളി മിസ് ചെയ്യുന്നില്ലേ! ചിരിയുടെ ഇളനീർക്കുലകൾ വീഴ്ത്തിയ ‘നാരിയൽ കാ പാനി’; മൂർച്ച കൂട്ടാനുണ്ട് മലയാളിച്ചിരിക്ക്...

Mail This Article
ഇന്ത്യൻ ഭൂപടത്തിന്റെ തെക്കേ മൂലയ്ക്ക്, നന്നായി മൂത്ത പാവയ്ക്ക അഥവാ കയ്പക്കയുടെ രൂപത്തിൽ കിടക്കുന്ന സംസ്ഥാനം എന്നു പലരും ‘ബോഡി ഷെയിം’ ചെയ്യാറുണ്ടെങ്കിലും കേരളത്തിന്റെ ശരീരഭാഷയ്ക്ക് ഒരു ചാരുകസേരയിരുത്തത്തിനോടാണു സാമ്യം. അറബിക്കടലിന്റെ നീലത്തലയിണയിൽ ചാരിയുള്ള ഒരു സുഖിച്ചിരിപ്പ്. സഹ്യനു കിഴക്കോ വിന്ധ്യനു വടക്കോ ഉള്ള കോലാഹലങ്ങളൊന്നും ഇങ്ങോട്ടത്ര ഏശില്ല. നാഷനൽ ഹൈവേയിലൂടെ അവിയലിനുള്ള പച്ചക്കറികളും ആന്ധ്രാ അരിയും എത്തിയാൽ സുഖമായി സദ്യയുണ്ട് ചാരിക്കിടക്കാം. നേരമ്പോക്കും വെടിവട്ടവുമാവാം. ഈ സുഖിച്ചിരിപ്പു തന്നെയാവണം കേരളത്തിന്റെ സാംസ്കാരിക നരവംശശാസ്ത്രത്തിൽ മലയാളിച്ചിരിയായി മാറിയത്. സുഭിക്ഷതയുടെ കാലത്തു മാത്രമല്ല, ഉത്തരേന്ത്യൻ ഗോതമ്പിന്റെ ചപ്പാത്തിയോ ഇറ്റാലിയൻ മക്രോണിയുടെ ഉപ്പുമാവോ കഴിക്കേണ്ടി വന്ന ക്ഷാമകാലത്തും മലയാളിയുടെ പ്രതിശീർഷ ചിരിയിൽ കുറവു വന്നിട്ടില്ല. എഴുത്തിലെ ചിരിയായാലും വരയിലെ ചിരിയായാലും ദേശീയ ശരാശരിയെക്കാൾ അത് എക്കാലവും ഉയർന്നുതന്നെ നിന്നു. തോലകവിയാണു ശുദ്ധമലയാളത്തിൽ ആദ്യമായി ഹാസ്യമുൽപാദിപ്പിച്ചത് എന്നാണു സങ്കൽപിച്ചുപോരുന്നത്. സംസ്കൃതമിട്ടു മലയാളത്തിന്റെ മൺചട്ടിയിൽ വറുത്തും മലയാളമെടുത്തു സംസ്കൃതത്തിൽ പുഴുങ്ങിയും തോലൻ ഭാഷകൊണ്ടു കളിച്ചത് അടുക്കളയിലെ സാങ്കേതികവിദ്യപോലും പ്രാകൃതമായിരുന്ന പത്താം നൂറ്റാണ്ടിലാണ് എന്നോർക്കുമ്പോഴാണ് ആ ചിരി കാലത്തിനുമുൻപേ