ആശങ്കയിലും തളരാതെ ഇന്ത്യൻ വിപണി; ഇനി കാതോർക്കാം ഈ പ്രഖ്യാപനങ്ങള്‍ക്ക്; മുന്നിലുള്ളത് കണക്കുകൂട്ടലുകളുടെ വാരം

Mail This Article
ട്രംപിന്റ പരാക്രമങ്ങൾ തൽക്കാലം മറക്കാം. പ്രതികാരത്തിനു ട്രംപ് 90 ദിവസത്തെ അവധി പ്രഖ്യാപിച്ചതിലൂടെ ഓഹരി വിപണിക്കു സ്വാഭാവിക സാഹചര്യത്തിൽ പ്രവർത്തിക്കാമെന്നായിരിക്കുന്നു. ആ ആശ്വാസത്തിൽനിന്നുളവായ ആവേശമാണു കടന്നുപോയ വ്യാപാരവാരത്തിന്റെ അവസാന ദിവസം വിപണിയിൽ കണ്ടത്. 1310 പോയിന്റായിരുന്നു സെൻസെക്‌സിലെ നേട്ടം; നിഫ്‌റ്റി കുതിച്ചതു 429 പോയിന്റ് ഉയരത്തിലേക്ക്. ഈ മാസത്തിന്റെ തുടക്കം മുതൽ ആശങ്കകളിലും ആഘാതത്തിലുമായിരുന്നിട്ടും ഇന്ത്യൻ വിപണിയുടേതു സുഭദ്രമായ അവസ്‌ഥയാണെന്നത് ആശ്വസിക്കാൻ വക നൽകുന്നു. ഈ മാസത്തെ ഇതുവരെയുള്ള വ്യാപാരദിനങ്ങളിൽ മറ്റു വിപണികൾക്കു നേരിട്ട ഇടിവു നോക്കുക: എസ് ആൻഡ് പി 500സൂചിക 6.13%, ഡൗ ജോൺസ് 5.73%, നാസ്‌ഡാക് 5.27% എന്നിങ്ങനെയാണു തകർച്ച രേഖപ്പെടുത്തിയത്. ബ്രസീൽ, ചൈന, ജപ്പാൻ, യുകെ, ജർമനി, ഫ്രാൻസ്, ഹോങ്കോങ് എന്നിവിടങ്ങളിലെ സൂചികകളുടെ തകർച്ച 3% മുതൽ 9.5% വരെ. ഇന്ത്യയിലാകട്ടെ സെൻസെക്‌സിലെയും നിഫ്‌റ്റിയിലെയും ഇടിവു 2.9% മാത്രം. എല്ലാ വ്യവസായ മേഖലകളിൽനിന്നുമുള്ള ഓഹരികൾ മുന്നേറ്റത്തിൽ പങ്കാളികളായെന്നതും ശ്രദ്ധേയം. നിഫ്‌റ്റി മിഡ്‌ക്യാപ് സൂചിക 1.85% ഉയർന്നപ്പോൾ സ്‌മോൾക്യാപ് സൂചികയിലെ നേട്ടം 2.80 ശതമാനമായിരുന്നു.