ഹിമന്തയ്ക്കു ‘ഗൗരവ’ തലവേദന, നേർക്കുനേർ പോരാടുന്ന കരുത്തനായ നേതാവ്; അസമിൽ രാഷ്ട്രീയം ഇളകിമറിയുമോ?

Mail This Article
അടുത്ത വർഷം നടക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് അഭിമാനപ്പോരാട്ടമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കോൺഗ്രസ് മുക്തമാക്കാൻ നേതൃത്വം നൽകിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കു തലവേദന ഒരാൾ മാത്രമാണ്; കോൺഗ്രസിന്റെ ലോക്സഭയിലെ ഉപനേതാവ് ഗൗരവ് ഗൊഗോയ് എംപി. അസം കോൺഗ്രസ് അധ്യക്ഷനായി ഗൗരവ് ഉടൻ വരുമെന്നാണ് സൂചനകൾ. മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകൻ എന്നതിൽനിന്നു രാഷ്ട്രീയ ചാണക്യനായ ഹിമന്തയോടു നേർക്കുനേർ പോരാടുന്ന കരുത്തനായ നേതാവ് എന്ന നിലയിലേക്കു ഗൗരവ് വളർന്നുകഴിഞ്ഞു. ഗൗരവിനെ മുൻപു ഹിമന്ത അവഗണിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പേരെടുത്തുപറഞ്ഞ് ആക്രമിക്കുന്ന തരത്തിലേക്കു ഹിമന്ത ഈയിടെ മാറിയത് ഗൗരവിന്റെ പ്രതിഛായ ഉയർത്തിയിരിക്കുന്നു. ഒന്നാന്തരം പാർലമെന്റേറിയൻ എന്നതിനൊപ്പം ധീരനായ നേതാവായും ജനങ്ങൾ അദ്ദേഹത്തെ കാണുന്നു. അസമിൽ ഗൗരവിനു നിർണായക പങ്കുവഹിക്കാനാകുമെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വം കരുതുകയും ചെയ്യുന്നു.