‘മന്ത്രിമാർക്കടക്കം ആഡംബരക്കാറുകൾ വാങ്ങാനുള്ള 100 കോടി പോലും വേണ്ട; ആശമാരോട് ഇടതു സർക്കാരിന് എന്തുമാകാമെന്നോ?’

Mail This Article
ആരോഗ്യമേഖലയിൽ സർക്കാർ നേരിട്ടു നടത്തുന്ന പ്രവർത്തനങ്ങളുടെ ഏറ്റവും അടിത്തട്ടിൽ ജോലിയെടുക്കുന്നവരാണ് ആശമാർ. പ്രവർത്തനങ്ങളുടെ ആധിക്യം മൂലം അവരുടെ ജോലിഭാരവും ചുമതലകളും കൂടിയിട്ടുണ്ട്. സ്ത്രീകൾമാത്രം പ്രവർത്തിക്കുന്ന ഈ മേഖലയിൽ അവർക്കു തൊഴിലാളികൾ അഥവാ ജീവനക്കാർ എന്ന പദവിയില്ല. അതുകൊണ്ടുതന്നെ പ്രതിഫലം കിട്ടുന്നത് സമ്മാനം എന്ന വകയിലാണ്. ഈ അവസ്ഥ മാറ്റി കുറഞ്ഞ വേതനം, പിരിഞ്ഞുപോകുമ്പോൾ കിട്ടേണ്ട പ്രതിഫലം, പെൻഷൻ എന്നിവ ആവശ്യപ്പെട്ട് 64 ദിവസമായി അവർ സമരത്തിലാണ്. സഹനത്തിന്റേതായ സമരം. വെയിലും മഴയും മാത്രമല്ല, കുടുംബത്തിൽനിന്നു വിട്ടുനിൽക്കേണ്ട അവസ്ഥയും. അതിനും പുറമേ ചില തൊഴിലാളി സംഘടനാ നേതാക്കളിൽനിന്നും അധികാരത്തിലിരിക്കുന്ന രാഷ്ട്രീയനേതാക്കളിൽനിന്നും പരിഹാസവും. സർക്കാരിൽനിന്ന് അവഗണനയും സാങ്കേതികത്വത്തിന്റെ പേരിൽ ആശമാരുടെ ആവശ്യങ്ങൾ പരിഗണിക്കാനുള്ള വൈമുഖ്യവും. ഈ സമരം അടിസ്ഥാനപരമായ പല ചോദ്യങ്ങൾ കേരള സമൂഹത്തോടും ഇടതുപക്ഷ രാഷ്ട്രീയത്തോടും ഉയർത്തുന്നുണ്ട്. ഒന്ന്, മറ്റുള്ളവർക്കു വേണ്ടി തൊഴിലെടുക്കുന്നവരെ, അതും സർക്കാർ സംവിധാനമെന്ന സംഘടിതമേഖലയിൽ, എന്തുകൊണ്ടാണ് തൊഴിലാളികളായി അംഗീകരിക്കാത്തത്? ഇതിനു പ്രത്യയശാസ്ത്രപരമായി വല്ല യുക്തിയും ഉണ്ടോ?