‘ചോർ’ കള്ളനല്ല, നമ്മുടെ കുത്തരിച്ചോർ; ഹിന്ദിക്കായി വാദിക്കുന്നവർ ഫിസിക്സിനെ ‘ഭൗതികി’ ആക്കുമോ? അടിച്ചേൽപ്പിച്ചാൽ ആർക്ക് തിരിച്ചടിയാകും?

Mail This Article
മേം ഗൂർഖാ ഹും, ഹൈ, ഹോ’ എന്ന ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റി’ലെ മോഹൻലാലിന്റെ ഗൂർഖാ മലയാളിയുടെ ഹിന്ദിയിൽനിന്നും ‘സന്ദേശ’ത്തിലെ യശ്വന്ത് സഹായിജിയുടെ ‘നാരിയൽ കാ പാനി’യിലെ നാരി എന്ന വാക്കിന്റെ മാത്രം അർഥമറിയാവുന്ന മലയാളി രാഷ്ട്രീയക്കാരന്റെ ഹിന്ദി ഭാഷാബോധത്തിൽനിന്നും ചപ്പാത്തി കഴിക്കാത്തതുകൊണ്ട് ‘ഖാനാ’യുടെ യഥാർഥ അർഥമറിയാത്ത, ‘ചോർ’നെ കള്ളനായി കാണാതെ സാദാ കുത്തരിച്ചോറായി മാത്രം കാണുന്ന രമണന്മാരിൽനിന്നും ഉത്തരേന്ത്യൻ ഭായിമാർ നാടുവാഴുന്ന ഇപ്പോഴത്തെ കേരളം ഹിന്ദിയിൽ ബഹുത് ദൂർ മുന്നേറിക്കഴിഞ്ഞു. എന്നിരുന്നാലും, നാനാത്വത്തിൽ ഏകത്വം മുഖമുദ്രയാക്കിയ നമ്മുടെ രാജ്യത്ത് ഭാഷാ മൗലികവാദത്തിന്റെ പേരിൽ, പ്രത്യേകിച്ച് ഹിന്ദി ഭാഷയുടെ പേരിൽ വിദ്യാഭ്യാസരംഗത്ത് പുതിയ പുതിയ പൊല്ലാപ്പുകളുണ്ടാകുകയാണിപ്പോൾ. ഇംഗ്ലിഷ് ഭാഷാ പഠനത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ഉൾപ്പെടെ നിരവധി പുതിയ ഇംഗ്ലിഷ് മീഡിയം പാഠപുസ്തകങ്ങൾക്കു ഹിന്ദി തലക്കെട്ടുകൾ നൽകി അവയെ ‘ഹിംഗ്ലിഷ്’ ആക്കി എൻസിഇആർടി ഭാഷാനവോത്ഥാനത്തിൽ പുതിയ ചുവടുവച്ചിരിക്കുകയാണ്.