'സമൂഹത്തിന്റെ ഓരോ കോശത്തിലും വെറുപ്പു പടരുമ്പോൾ അഴീക്കോടിന്റെ ഓർമ നമുക്കൊരു മരുന്നാണ്' - നിതാന്ത പ്രതിപക്ഷത്തിന് ജന്മശതാബ്ദി

Mail This Article
കേരളം കണ്ട ഏറ്റവും പ്രഗല്ഭനായ പ്രതിപക്ഷനേതാവ് ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ; സുകുമാർ അഴീക്കോട്. നിശിത വിമർശനങ്ങളാൽ മുന രാകിയ വാക്ക്, ലളിതസുഭഗമായ വാഴ്‌വ്; ഇതു രണ്ടുമായിരുന്നു ആയുധങ്ങൾ. അഴീക്കോട് എന്ന ഒറ്റയാൾ മുന്നണി ജീവിച്ച കാലമത്രയും അധികാരപക്ഷത്തിനു മുൻപിൽ സ്വയം ഒരു അടിയന്തര പ്രമേയമായി. മഹിതമായ ജനാധിപത്യ ആശയങ്ങളെ വഹിച്ച ആ ശബ്ദപ്രപഞ്ചത്തിന്റെ, നിതാന്ത പ്രതിപക്ഷത്തിന്റെ ജന്മശതാബ്ദി വർഷമാണിത്. അദ്ദേഹത്തിന്റെ ശിഷ്യനും സാമൂഹിക നിരീക്ഷകനുമായ എം.എൻ.കാരശ്ശേരിയും കവി പി.എൻ.ഗോപീകൃഷ്ണനും അഴീക്കോടിനെ ഓർക്കുകയാണ്. കാലിക്കറ്റ് സർവകലാശാലയിലെ എംഎ ക്ലാസാണ് വേദി. ‘വീണപൂവ്’ വായിച്ചവരാരൊക്കെയെന്ന ചോദ്യവുമായാണ് പ്രവേശം. എല്ലാവരും തല കുലുക്കി. വീണപൂവ് കാണാപ്പാഠമാക്കിയവർ ആരൊക്കെ? ഓരോ ശ്ലോകം പലർക്കും അറിയാം. കാണാപ്പാഠമാക്കിയവർ ആരുമില്ല. മനഃപാഠമാക്കി വേണം അടുത്ത ക്ലാസിൽ വരാൻ– മാഷിന്റെ കൽപന. സാധാരണ എംഎ ക്ലാസിൽ പതിവില്ലാത്ത കാര്യം. 2 ദിവസത്തിനു ശേഷം ആ ക്ലാസിലെ 12 വിദ്യാർഥികളും 41 പദ്യവും മനസ്സിലുറപ്പിച്ചു വന്നു. ഊഴം വച്ച് ചൊല്ലി. മാഷ് സംപ്രീതനായി. ആ വിദ്യാർഥികളിലൊരാളാണ് എം.എൻ.കാരശ്ശേരി.