സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ചങ്ങാത്തത്തെക്കുറിച്ചും പറയാമോ? മറുപടിയായി ആ പൂമരമപ്പോൾ പൂവിട്ടു! –ഹരികൃഷ്ണൻ എഴുതുന്നു

Mail This Article
ഒരു രാത്രിയിൽനിന്നുവേണം ഒാർത്തുതുടങ്ങാൻ. മോഹൻലാലുമൊരുമിച്ചുള്ള എത്രയോ സൗഹൃദ രാപകലുകൾ കൈവന്നിട്ടും ആ രാത്രി എനിക്കു മറക്കാനാവില്ല. മലമ്പുഴയിലെ ഹോട്ടലിലായിരുന്നു ഞങ്ങൾ. രാത്രിയോടെയാണ് അന്നത്തെ ഷൂട്ടിങ് കഴിഞ്ഞത്. അധികം വൈകാതെ ഞാൻ ലാലിന്റെ മുറിയിലെത്തി. സാധാരണയായി കുറച്ചു പേരുള്ള കൂട്ടായ്മകളാവുമെങ്കിലും അന്നു ഞങ്ങൾ രണ്ടു പേരും മാത്രമായിരുന്നു. എങ്കിലെന്ത്? ആ രാത്രിക്കു ചിറകുകളുണ്ടായി. ഞങ്ങൾ സംസാരിച്ചുകൊണ്ടേയിരുന്നു. ലാലിന്റെ പാട്ടും സ്വപ്നവും കഥയും കേട്ടിരുന്നു. എഴുത്തിനെ, പ്രണയത്തെ, സംഗീതത്തെ, ചിത്രകലയെ, ശിൽപകലയെയൊക്കെ ഇത്രത്തോളം ആഴത്തിലറിയുന്ന ഒരാളെക്കേട്ട് ആ കേൾവിയിലാനന്ദിച്ചു. രണ്ടുപേർ മാത്രമുള്ള ഒരു ഒത്തുകൂടലിനെ ഇത്രയും മനോഹരമാക്കുന്ന മറ്റൊരു ചങ്ങാതി എനിക്കില്ല! രണ്ടു പേർ നേരത്തെ ഇങ്ങനെ മോണോലോഗിന്റെകൂടി ഉന്മാദാഘോഷമാക്കുന്ന മറ്റൊരാളെയും അറിയില്ല. എത്ര വലുതായാലും നിങ്ങൾ, നിങ്ങളെന്ന കുട്ടിയെ ഇപ്പോഴും സ്നേഹത്തോടെ സൂക്ഷിക്കുന്നുണ്ടോ? മോഹൻലാലിൽ ഇപ്പോഴും ആ കുട്ടിയുണ്ട്. ചില നേരങ്ങളിൽ, വാശിക്കാരനും കുസൃതിക്കാരനുമായ ആ പയ്യൻസ് അദ്ദേഹത്തിൽനിന്ന് ആർമാദത്തോടെ പുറത്തിറങ്ങാറുമുണ്ട്. ഞാൻ ആ കുട്ടിയെ ആ രാത്രിയിലും കണ്ടു!