ഖസാക്കിന്റെ ഇതിഹാസം എന്ന സിനിമ കണ്ടിട്ടുണ്ടോ?– ഹരികൃഷ്ണൻ എഴുതുന്നു

Mail This Article
‘ഖസാക്കിന്റെ ഇതിഹാസ’ത്തിലേക്ക് അങ്ങനെയൊരു യാത്രയ്‌ക്കു മുതിരാൻ പാടില്ലാത്തൊരു പ്രായത്തിൽതന്നെ, ഇതു വായിക്കുന്ന പലരെയുംപോലെ, പോകുകയായിരുന്നു ഞാനും. പക്ഷേ, പിന്നീടു തോന്നി: ആരുടെയും കൗമാരത്തിൽ പാടില്ലാത്തതാവണം, ആദ്യ ഖസാക്ക്‌അനുഭവം. ദിക്കു തെറ്റിക്കുന്ന ഒരു കൊടുങ്കാടിലേക്കു നടന്നുപോവുന്നതുപോലെയാണത്. രതിയുടെ പെരുങ്കടലിലേക്കു കാലെടുത്തുവയ്‌ക്കുന്നതുപോലെയും. ഖസാക്കിനെ അറിയാൻ എന്നിട്ടുമെത്രയോ വൈകി. അറിഞ്ഞപ്പോഴോ...? ഖസാക്കിന്റെ ആദ്യവായനയിലൊന്നുമല്ല, പിന്നെയെപ്പോഴോ എനിക്കും തോന്നിയിട്ടുണ്ട്, ഇതിനു വേണ്ടിയാണോ ഞാൻ മറ്റു പുസ്‌തകങ്ങളെല്ലാം വായിച്ചതെന്ന്. ഹൃദയത്തിലേക്കു വിവർത്തനം ചെയ്‌ത സ്വകാര്യമായൊരു ദേ ജാവു! ആ ദേ ജാവുവിന്റെ ഒരു തുടർച്ച ഇപ്പോഴും തോന്നുന്നുണ്ട്. അതിന്റെയൊരു സർറിയൽ ഉന്മാദം. ഉള്ളതെന്നോ ഇല്ലാത്തതെന്നോ അറിയാത്ത, ഞാൻ വായിച്ചതാണോ അതോ എഴുതിയതാണോ ഖസാക്ക് എന്നുപോലും അറിയാത്ത, അതിനകത്താണോ പുറത്താണോ എന്ന് ഇപ്പോഴും വ്യക്തമാകാത്ത (ഈ വാചകം പൂർത്തിയാക്കുന്നതെങ്ങനെ?) ആദ്യം വിജയനെ കണ്ടതിന്റെയൊരു വിഷ്വൽ ഇപ്പോഴുമെന്റെ മനസ്സിലുണ്ട്. എന്റെ കോളജ് പഠനം കഴിഞ്ഞ വേള.