ചിട്ടിക്കുണ്ട് ഈ 5 മികവുകൾ; നിക്ഷേപശീലവും കയ്യിലെ കാശും വളരും; എങ്ങനെ ചേരാം, നേട്ടം കൊയ്യാം? അറിയേണ്ടതെല്ലാം

Mail This Article
മലയാളികളുടെ മാറാത്ത സമ്പാദ്യശീലങ്ങളിൽ നൂറ്റാണ്ടുകളായി പ്രധാന സ്ഥാനമാണ് ചിട്ടിക്കുള്ളത്. സ്ഥിരനിക്ഷേപം, റിക്കറിങ് ഡിപ്പോസിറ്റ് തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങൾ ജനകീയമാകുന്നതിനും വളരെമുൻപ് ചിട്ടികൾ കേരളത്തിൽ പ്രചാരം നേടിയിരുന്നു. അതേസമയം ഓഹരി, മ്യൂച്വൽഫണ്ട്, കടപ്പത്രങ്ങൾ മുതലായ താരതമ്യേന പുതിയ നിക്ഷേപശീലങ്ങളെക്കാൾ ഏറെ സവിശേഷതകളും ചിട്ടിക്കുണ്ട്. ഇന്നു സാധാരണക്കാരും ബിസിനസുകാരും നിക്ഷേപകരും ചിട്ടിയെ ഒരു ബദൽ സാമ്പത്തിക സ്രോതസ്സായി കാണുന്നു. കൊള്ളപ്പലിശയ്ക്കു വായ്പയെടുക്കാതെ സാധാരണക്കാരുടെ ജീവിതാവശ്യങ്ങൾ നിറവേറ്റാൻ രൂപംകൊണ്ട സാമൂഹികാധിഷ്ഠിത പദ്ധതിയായ ചിട്ടി (കുറി) ഒരു പണചംക്രമണ രീതിയാണ്. പിന്നീട് ഇതാണ് വ്യവസ്ഥാപിത ചിറ്റ് ഫണ്ടുകളായി വളർന്നത്. ആധുനിക സാമൂഹികാധിഷ്ഠിത പണസമാഹരണ മാർഗങ്ങളായ ക്രൗഡ് ഫണ്ടിങ്, ഏയ്ഞ്ചൽ ഫണ്ടിങ് എന്നിവയോടു ചിട്ടിക്കു സാമ്യമുണ്ട്. വിവിധ ആവശ്യങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരുകൂട്ടം ആളുകളുടെ ഗ്രൂപ്പുകളാണ് ഓരോ ചിട്ടിയും എന്നു പറയാം. ചിലർക്കു പെട്ടെന്നുള്ള ആവശ്യങ്ങളാണെങ്കിൽ മറ്റു ചിലർക്ക് ദീർഘകാല നിക്ഷേപതാൽപര്യങ്ങളാകാം.