ജനക്ഷേമത്തിനല്ല, പണം ചെലവഴിച്ചത് പട്ടാളത്തെ ഭീമാകാരമാക്കാനും ഭീകരവാദികളെ പോറ്റാനും: എന്താണ് ഇനി പാക്കിസ്ഥാന്റെ ഭാവി?

Mail This Article
1947 ഓഗസ്റ്റ് ഏഴിന്, മൗണ്ട്ബാറ്റൺ പ്രഭുവിന്റെ വെള്ളി നിറത്തിലുള്ള ഡക്കോട്ടയിൽ കറാച്ചിയിലേക്കു യാത്ര തിരിക്കവേ, ഡൽഹിയെന്ന മഹാനഗരത്തിലേക്ക് ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കി മുഹമ്മദലി ജിന്ന പറഞ്ഞു: ‘ഡൽഹിയിലേക്കുള്ള എന്റെ അവസാന നോട്ടമാണിത്’. ഹെൻറി സെക്ടർ ബോലിതോ എഴുതിയ ജിന്നയുടെ ജീവചരിത്രത്തിൽ ഈ രംഗം മിഴിവോടെ രേഖപ്പെടുത്തിയിട്ടുണ്ട്. ജിന്നയെ കറാച്ചിയിൽ കാത്തിരുന്നത് ആരാധകരുടെ വൻകടലാണ്. നൂറുകണക്കിനു കാറുകളുടെ അകമ്പടിയോടെ ജിന്ന ഗവൺമെന്റ് ഹൗസിലേക്കു പോയി. പക്ഷേ, ഒരു വർഷവും ഒരു മാസവും കഴിഞ്ഞപ്പോൾ ശ്വാസകോശാർബുദം ബാധിച്ച് തളർന്നവശനായ ജിന്ന ബലൂചിസ്ഥാനിൽനിന്നു കറാച്ചിയിലെ മിലിറ്ററി വിമാനത്താവളത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ മിലിറ്ററി സെക്രട്ടറിയും നഴ്സും അല്ലാതെ മറ്റാരും കാത്തിരിക്കാനുണ്ടായിരുന്നില്ല. ജിന്നയെ സ്ട്രെച്ചറിൽ കിടത്തി ആംബുലൻസിൽ വീട്ടിലേക്കു കൊണ്ടുപോകുമ്പോൾ, വാഹനം ബ്രേക്ക്‌ഡൗൺ ആയി. മറ്റൊരു ആംബുലൻസ് കിട്ടാതെ പൊടിയിലും കൊടുംചൂടിലും ശ്വാസംമുട്ടി, കറാച്ചിയിലെ തിരക്കേറിയ പാതയോരത്ത് ആരോരുമറിയാതെ അദ്ദേഹം ഏറെനേരം കിടന്നു. രണ്ടുമണിക്കൂറിനു ശേഷമെത്തിയ റെഡ്ക്രോസ് ആംബുലൻസിൽ വീട്ടിലെത്തുമ്പോൾ അദ്ദേഹം മരണാസന്നനായിരുന്നു. അന്നു രാത്രി ജിന്ന അന്തരിച്ചു. പാക്കിസ്ഥാന്റെ രാഷ്ട്രപിതാവിനുവേണ്ടി കാലം ഒരുക്കിവച്ച വിധിക്കു സമാനമായ ഒന്നാണ് ചരിത്രം ആ രാജ്യത്തിനു വേണ്ടിയും നീക്കിവച്ചത് എന്നതു യാദൃച്ഛികതയാവാം