യശസ് ഉയർത്തി ‘ജയ്’സ്വാൾ; ‘നടു’നിവർത്തിയ മുംബൈയുടെ തലയും വാലും തകർത്ത് സന്ദീപ്; ‘ഒന്നാമനായി’ ചെഹൽ
Mail This Article
സീസണിൽ മുഖാമുഖമെത്തിയ രണ്ടാം മത്സരത്തിലും സഞ്ജുവിന്റെ രാജസ്ഥാന് ഹാർദിക്കിന്റെ മുംബൈയോട് പറയാന്‍ ഒന്നേ ഉണ്ടായിരുന്നുള്ളു, ‘‘ഞങ്ങളെ പിടിച്ചുകെട്ടാന്‍ ആകില്ല മക്കളേ...’’ വാങ്കഡെയിൽ സ്വന്തം തട്ടകത്തിൽ ഏറ്റ പരാജയത്തിന് കണക്കു ചോദിക്കാൻ ജയ്പുരിലെത്തിയ മുംബൈ സംഘത്തിന് തോൽവിയുടെ രാവ് സമ്മാനിച്ച രാജസ്ഥാൻ പോയിന്റ് പട്ടികയിലെ തങ്ങളുടെ ഒന്നാം സ്ഥാനം ഒരിക്കൽക്കൂടി അരക്കിട്ട് ഉറപ്പിച്ചു. കളത്തിലിറങ്ങിയ 8ൽ 7 മത്സരങ്ങളിലും വെന്നിക്കൊടിപാറിച്ച ‘റോയൽസ്’ 14 പോയിന്റുമായാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രാജസ്ഥാൻ നിരയിൽ ഫോമിൽ അല്ലാതിരുന്ന ഏക ബാറ്റർ യശസ്വി ജയ്സ്വാളിന്റെ തിരിച്ചുവരവിനും മുംബൈ ബോളർമാർ വഴിയൊരുക്കി. 4 ഓവറിൽ 18 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി മുംബൈ ബാറ്റിങ് നിരയുടെ വീര്യം കെടുത്തിയ സന്ദീപ് ശർമയ്ക്ക് പിന്നാലെ ഐപിഎൽ കരിയറിൽ തന്റെ രണ്ടാം സെഞ്ചറിയോടെ നിറഞ്ഞുനിന്ന ജയ്സ്വാളിന്റെ ബാറ്റിങ് മികവിലൂടെയുമാണ് രാജസ്ഥാൻ മുംബൈയ്ക്കെതിരെ 9 വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയത്. ∙ ‘ജയ്’സ്വാളിനെ രാജസ്ഥാന് തിരികെകിട്ടി 14 മത്സരങ്ങൾ, ഒരു സെഞ്ചറി ഉൾപ്പെടെ 625 റൺസ്. 2023 സീസണിൽ രാജസ്ഥാൻ റോയൽസിനുവേണ്ടി യശസ്വി ജയ്സ്വാളിന്റെ സംഭാവന ആയിരുന്നു ഇത്. പിന്നാലെ ദേശീയ ടീമിനായി ക്രീസിലെത്തിയപ്പോഴെല്ലാം മിന്നും പ്രകടനങ്ങൾ. എന്നാൽ, ഇത്രയും മിന്നുന്ന ഫോമിൽ കളിക്കുന്ന യശസ്വിയെ പ്രതീക്ഷിച്ച് ഇത്തവണത്തെ ഐപിഎൽ വേദികളിലേക്കെത്തിയ ആരാധകർ തീർത്തും നിരാശരായിരുന്നു. കളിച്ച 7 മത്സരങ്ങളില്‍ നിന്ന് ആകെ സ്കോർ ചെയ്തത് വെറും 121 റൺസ്. ഉയർന്ന സ്കോർ 39 റൺസും. ഇതെല്ലാം മുബൈ ഇന്ത്യൻസ് – രാജസ്ഥാൻ റോയൽസ് മത്സരത്തിന് മുൻപുവരെയുള്ള കഥ.