അഫ്ഗാനെതിരെ കരുത്തായത് ബുമ്ര– സൂര്യ ദ്വയം: ദുബെ മാറി സഞ്ജു വരാറായില്ലേ?
Mail This Article
ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും ആദരിക്കപ്പെടുന്ന ഒരു അസാധാരണ ബൗളർ: ജസ്പ്രീത് ബുമ്ര. ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും നശീകരണ ശക്തിയുള്ള ബാറ്റർ – സൂര്യകുമാർ യാദവ്. ട്വന്റി20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ അപകടകാരികളായ അഫ്ഗാനിസ്ഥാനെ 47 റൺസിന് ആധികാരികമായി തകർത്ത് വിലപ്പെട്ട രണ്ടു പോയിന്റും 2.35ന്റെ മികച്ച നെറ്റ് റൺറേറ്റുമായി മുന്നേറാൻ ഇന്ത്യയ്ക്ക് ഈ രണ്ടു ജീനിയസുകളുടെ പ്രകടനം ധാരാളം മതിയാകുമായിരുന്നു. പക്ഷേ കെൻസിങ്ടൺ ഓവലിൽ സൂര്യയും (28 പന്തിൽ 53) ഹാർദിക് പാണ്ഡ്യയും (24 പന്തിൽ 32) ഒത്തു ചേരുന്നതു വരെ കാര്യങ്ങൾ ഇന്ത്യയുടെ വരുതിയിൽ ആയിരുന്നോ? ഏഴ് ഓവറിൽ 54 റൺസ് മാത്രമായിരുന്നു ഇന്ത്യയുടെ സ്കോർ. രോഹിത് ശർമയും (13 പന്തിൽ എട്ട്) ഋഷഭ് പന്തും (11 പന്തിൽ 20) പുറത്തായും കഴിഞ്ഞിരുന്നു. സൂര്യയുടേയും ഹാർദിക്കിന്റെയും വാലറ്റത്ത് അക്ഷർ പട്ടേലിന്റയും (ആറു പന്തിൽ 12) സംഭാവനയ്ക്ക് അവിടെയാണ് സാംഗത്യം. സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളും ടീമിനു പുറത്തിരിക്കുമ്പോൾ ശിവം ദുബെ ആദ്യ 11ൽ തുടരുന്നതിന്റെ അസാംഗത്യവും തുടർന്നും ചോദ്യം ചെയ്യപ്പെടും.