വന്നു, വീശിയടിച്ചു, കീഴടക്കി; ടീം ഇന്ത്യയ്ക്ക് സമ്മാനിച്ചത് 2 ലോക കിരീടങ്ങളുടെ മധുരം; ക്യാപ്റ്റൻ കൂളിന് 43ന്റെ ചെറുപ്പം

Mail This Article
കരീബിയൻ മണ്ണിൽ നിന്നു ട്വന്റി20യിലെ ലോകകിരീടവും വീണ്ടെടുത്ത് രോഹിത് ശർമയും സംഘവും വാങ്കഡെയിലെ പച്ചപ്പിലേക്കു നടന്നു കയറുമ്പോൾ ആരാധകരുടെ ആഹ്ലാദമനസ്സിൽ ഒരു ദൃശ്യം കൂടി മിന്നിമറഞ്ഞിട്ടുണ്ടാകും. പതിമൂന്നു വർഷം മുൻപ് അതേ സ്റ്റേഡിയത്തിൽ ഏകദിനത്തിന്റെ ലോക കിരീടം ഇന്ത്യ ഉറപ്പിച്ച അവിസ്മരണീയ നിമിഷം. ‘Dhoni finishes off in style, a magnificent strike in to the crowd, India lift the world cup after 28 years...’ – രവി ശാസ്ത്രിയുടെ ഘനഗാംഭീര്യമുള്ള ശബ്ദത്തിന്റെ അകമ്പടിയിൽ ഇന്ത്യൻ ക്രിക്കറ്റ് എക്കാലവും ഓർമകളുടെ ചെപ്പിലടച്ചു സൂക്ഷിക്കുന്ന ആ വിജയനിമിഷം. ഗാലറിയിലേക്ക് ഇരമ്പിപ്പറന്നിറങ്ങിയ ആ ഹെലികോപ്ടർ ഷോട്ടിലൂടെ ഇന്ത്യയ്ക്കു രണ്ടു ലോകകിരീടങ്ങളുടെ ഇരട്ടചങ്ക് ചാർത്തിയ ഒരേയൊരു നായകൻ മഹേന്ദ്ര സിങ് ധോണിക്ക് ജന്മദിനാഘോഷത്തിന്റേതുകൂടിയാണ് ഈ ലോകകിരീടക്കാലം. ജൂലൈ 7ന് നാൽപ്പത്തിമൂന്നിന്റെ പടവിലേക്കു കടന്ന എംഎസ്ഡി ഈ ജന്മദിനം ബോളിവുഡിന്റെ മസ്സിൽമാൻ സൽമാൻ ഖാനൊപ്പം കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. ഒന്നര ദശകം മുൻപ് അലസമായി നീട്ടിയിട്ട മുടിയിഴകളുമായി കടന്നുവന്ന മഹേന്ദ്ര സിങ് ധോണിയുടെ കരിയർ ഇന്ത്യൻ ക്രിക്കറ്റിന്റെ കൂടി ചരിത്രമാറ്റമാണ്. ധോണിക്കു മുൻപും ശേഷവും എന്ന മട്ടിൽ ഇന്ത്യൻ ക്രിക്കറ്റ് ഇഴപിരിഞ്ഞ ആ വിജയഗാഥയിലെ കയറ്റിറക്കങ്ങൾ ഒരിക്കൽക്കൂടി ഓർത്തെടുക്കാം ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിലൂടെ.