ചോദ്യം ഇവാനെപ്പറ്റി, മറുപടി മികേൽ സ്റ്റോറെയെക്കുറിച്ച്; ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം ഈ 28കാരന്റ കരുത്തിൽ!
Mail This Article
‘‘അതു കഴിഞ്ഞ കാര്യമല്ലേ! നമുക്കു ഭാവിയെക്കുറിച്ചു ചിന്തിക്കാം. മികേൽ സ്റ്റോറെ മികച്ച പരിശീലകനാണ്. ധാരാളം അനുഭവ സമ്പത്തുള്ള, കുലീന പാരമ്പര്യമുള്ള കോച്ച്’’– കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടർ നിഖിൽ ബി.നിമ്മഗദ്ദയുടെ പ്രതികരണം. സെർബിയൻ സൂപ്പർ കോച്ച് ഇവാൻ വുക്കോമനോവിച് ക്ലബ് വിട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിനു നിഖിൽ നൽകിയ മറുപടി ഇവാനെക്കുറിച്ചല്ല, പുതിയ കോച്ചിനെക്കുറിച്ചാണ്! പഴങ്കഥ പറഞ്ഞിരിക്കാൻ താൽപര്യമില്ല, നിഖിലിന്! 28 വയസ്സേയുള്ളൂ, ഈ ആന്ധ്രപ്രദേശ് സ്വദേശിക്ക്. ഏഷ്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള 5 സ്പോർട്സ് ക്ലബ്ബുകളിലൊന്നായ കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത് ഈ യുവാവാണ്. പ്രമുഖ വ്യവസായി നിമ്മഗദ്ദ പ്രസാദിന്റെ മകൻ. കാഴ്ചയിൽ മാത്രമേ നിഖിലിനു കുട്ടിത്തമുള്ളൂ. സ്പോർട്സ് ക്ലബ് മാനേജ്മെന്റിൽ അനുദിനം പയറ്റിത്തെളിയുന്ന നിക്ഷേപകൻ. ഒരു വാഗ്ദാനം കൂടി മുന്നോട്ടു വയ്ക്കുകയാണു നിഖിൽ. നിലവിലെ താരങ്ങൾക്കു പുറമേ, ആവശ്യമെങ്കിൽ കൂടുതൽ താരങ്ങളെ ടീമിലെത്തിക്കാനും താൻ സന്നദ്ധനാണെന്ന ഉറപ്പ്. ‘‘നമുക്കിപ്പോൾ കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്ന 3 വിദേശ താരങ്ങളെ നിലനിർത്താനായി. 3 പുതിയ വിദേശ താരങ്ങളെയും സൈൻ ചെയ്തു. യുവത്വവും പരിചയസമ്പന്നരുടെയും മിശ്രണമാണു നമ്മുടെ ഇന്ത്യൻ കളിക്കാരുടെ നിര. കോച്ചിങ് ടീമിന്റെയും ടെക്നിക്കൽ ടീമിന്റെയും നിർദേശങ്ങൾക്ക് അനുസരിച്ചാണു മുഴുവൻ താരങ്ങളെയും കരാർ ചെയ്തിട്ടുള്ളത്. ഇനിയും, സ്ക്വാഡ് ശക്തിപ്പെടുത്തണമെന്ന് ആവശ്യം തോന്നിയാൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആ സാധ്യതയും പരിഗണിക്കും.’’..