‘പന്ത്’ ഏൽപ്പിച്ച ‘പെയിനിൽ’ ഇന്ത്യയും ഓസീസും; വായടപ്പിച്ച് ലക്ഷ്മണും ദ്രാവിഡും; ഇരട്ടി മധുരം നുണഞ്ഞ് ദാദയും കോലിയും
Mail This Article
2001ൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയെ വിജയത്തിലെത്തിച്ച വി.വി.എസ് ലക്ഷ്മൺ – രാഹുൽ ദ്രാവിഡ് സഖ്യത്തിന്റെ പ്രകടനം ലോക ടെസ്റ്റ് ചരിത്രത്തിലെ അപൂർവമായ തിരിച്ചുവരവിന്റെ കഥയാണ്. മൂന്നു ടെസ്റ്റുകളടങ്ങിയ 2000–01 പരമ്പരയിലെ ആദ്യ മത്സരം മുംബൈയിൽ 10 വിക്കറ്റ് ജയത്തോടെ ഓസീസ് നേടി. രണ്ടാം ടെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്കയായ ഈഡനിൽ. തുടർച്ചയായ 16 ടെസ്റ്റ് വിജയങ്ങളെന്ന ലോക റെക്കോർഡ് പതിനേഴിലേക്കു നീളാതെ ഇന്ത്യ പിടിച്ചുകെട്ടിയ മത്സരമെന്നാകും ഇന്ത്യ – ഓസ്ട്രേലിയ 2000 – 2001 പരമ്പരയിലെ 2–ാം ടെസ്റ്റ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ, ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ അതൊരു തിരിച്ചുവരവിന്റെയും പോരാട്ടവീര്യത്തിന്റെയും ഓർമപ്പെടുത്തലായി. അതുല്യമായ ആ വിജയത്തിനു ഇന്ത്യ നന്ദി പറയുന്നത് ബാറ്റർമാരായ വി.വി.എസ്. ലക്ഷ്മണിനോടും രാഹുൽ ദ്രാവിഡിനോടും. ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ജന്മനാട്ടിൽ 90,000 കാണികൾ കളി കാണാൻ ഒഴുകിയെത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ്, ക്യാപ്റ്റൻ സ്റ്റീവ് വോയുടെ ഉജ്വല സെഞ്ചറിയുടെ കരുത്തിൽ (110 റൺസ്) കുറിച്ചത് 445 റൺസ്. 97 റൺസ് നേടിയ മാത്യു ഹെയ്ഡനും മികച്ച സംഭാവന നൽകി. ഏഴു വിക്കറ്റ് പിഴുത ഹർഭജൻ സിങ് ടെസ്റ്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരനായതു മാത്രം ആതിഥേയർക്ക്