കംപ്യൂട്ടറിനെയും തോൽപിച്ച ഗുകേഷിന്റെ ഒറ്റക്കാലാൾ; ‘കളിയിൽ കള്ളത്തരം കാണിക്കാൻ ഞാനില്ല’
Mail This Article
പന്തയക്കുതിരയുടെ തിരോധാനവും പരിശീലകന്റെ മരണവും അന്വേഷിക്കുകയായിരുന്നു ഡിറ്റക്ടീവ് ഷെർലക് ഹോംസ്. കാവൽനായ എന്തുകൊണ്ട് കുരച്ചില്ല എന്നായിരുന്നു ഹോംസിന്റെ സംശയം. സ്കോട്‌ലൻഡ് യാർഡ് ഡിറ്റക്ടീവ് ഗ്രിഗറിക്കു സംശയമേതുമുണ്ടായില്ല. ‘അസാധാരണമായി ഒന്നും സംഭവിച്ചില്ല. പട്ടിപോലും കുരച്ചില്ല’.-ഗ്രിഗറി പറഞ്ഞു. ‘അതുവളരെ അസാധാരണമാണല്ലോ’ എന്നായിരുന്നു ഹോംസിന്റെ മറുപടി. വെള്ളക്കരുക്കളുമായിറങ്ങുമ്പോൾ കറുത്ത കരുക്കളുമായി പ്രചാരത്തിലുള്ള ഓപ്പണിങ് പരീക്ഷിച്ചും തന്റെ ടീം സൃഷ്ടിച്ച അടുക്കളയിലെ തന്ത്രങ്ങൾ പ്രയോഗിച്ചും ലോക ചെസ്ചാംപ്യൻ ഡിങ് ലിറൻ നടത്തിയ നീക്കങ്ങളെ സർ ആർതർ കോനൻ ഡോയൽ സൃഷ്ടിച്ച കഥാപാത്രം ഷെർലക് ഹോംസിനെപ്പോലെ ഇഴകീറിപ്പരിശോധിച്ചു ആ പതിനെട്ടുകാരൻ. ചൈന വൻമതിൽ പോലെ പ്രതിരോധമുയർത്തിയ ലോക ചാംപ്യനെ സ്വന്തം കരുനില അവഗണിച്ചും അവസാനം വരെ പോരാടാൻ വെല്ലുവിളിച്ചു ആ ചെന്നൈ പയ്യൻ. പതിനാലു നേർക്കുനേർ പോരാട്ടങ്ങൾക്കൊടുവിൽ, അഞ്ചാം മണിക്കൂറിൽ, അതുവരെ കളിച്ചതൊക്കെയും മറന്ന് സമനിലപ്പൂട്ടു തകർക്കാൻ ടൈബ്രേക്കർ എന്ന അതിവേഗ പോരാട്ടങ്ങളിലേക്കു സമയവും ലോകവും നടന്നടുക്കുമ്പോൾ ആ സമയമെത്തി - പതിനെട്ടാം ലോക ചാംപ്യൻ ഉദയം ചെയ്യുന്ന സമയം. ആന്ധ്രയിലെ ഗോദാവരീ തടങ്ങളിൽ വേരുകളുള്ള മാതാപിതാക്കളുടെ മകൻ, ചെന്നൈ സ്വദേശിയായ ഇന്ത്യക്കാരൻ സിംഗപ്പൂർ സെന്റോസ വേൾഡ് റിസോർട്സ് വേദിയിൽ ലോകത്തിന്റെ ചെസ് രാജാവായി ഉദയം ചെയ്യുന്ന സമയം. 139 വർഷം പഴക്കമുള്ള ലോക ചെസ് പോരാട്ടങ്ങളിൽ 17 പേരെയേ ലോകജേതാവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളൂ. ആ നിരയിലെ പതിനെട്ടാമനായി ദൊമ്മരാജു ഗുകേഷ് എന്ന ഡി. ഗുകേഷ്.