ഒരു വർഷം ഒറ്റ വിജയം പോലുമില്ലാത്ത ലോക ഒന്നാം നമ്പർ ടീം! ‘മികച്ച ടീമിൽ’ ഇടമില്ലാത്ത രോഹിത്തും കൂട്ടരും; ‘ചാംപ്യൻസിൽ’ മടങ്ങിവരവ് എളുപ്പമോ?

Mail This Article
ട്വന്റി 20 ലോക കിരീടത്തിന്റെ ‘തലക്കനം’ വിട്ടുമാറുന്നതിനു മുൻപ് സ്വന്തം കയ്യിലിരുപ്പിന്റെ മാത്രം ഫലമായി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ പടിക്കു പുറത്താക്കപ്പെട്ട ടീം ഇന്ത്യയുടെ മുന്നിലുള്ള ഏറ്റവും വലിയ പ്രതീക്ഷയാണ് ഫെബ്രുവരിയിൽ ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി. 2023ലെ ഏകദിന ലോക കിരീടം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ടീം ഇന്ത്യയ്ക്കും ആരാധകർക്കും ആശ്വാസം കിട്ടണമെങ്കിൽ ‘ചാംപ്യൻസ് ട്രോഫി ചാംപ്യൻ’ എന്ന പട്ടത്തിൽ കുറഞ്ഞ പ്രതീക്ഷകളൊന്നുമില്ല. എന്നാൽ, കഴിഞ്ഞ ദിവസം പുറത്തുവന്ന 2024ലെ ഐസിസി അവാർഡ് പട്ടിക ഇന്ത്യൻ ആരാധകർക്ക് അത്ര സന്തോഷം നൽകുന്നതായില്ല. ജസ്പ്രിത് ബുമ്രയെ ക്രിക്കറ്റർ ഓഫ് ദ് ഇയർ ആയി തിരഞ്ഞെടുത്തെങ്കിലും അത് ടെസ്റ്റ്, ട്വന്റി 20 ഫോർമാറ്റുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ബുമ്ര തന്നെയാണ് പോയ വർഷത്തെ മികച്ച ടെസ്റ്റ് താരവും. അർഷദീപിനെ തിരഞ്ഞെടുത്തതാകട്ടെ മികച്ച ട്വന്റി 20 താരം എന്ന നിലയിലും. എന്നാൽ, ചാംപ്യൻസ് ട്രോഫി അരങ്ങേറുന്ന ഫോർമാറ്റായ ഏകദിനത്തിന്റെ കാര്യമെടുത്താൽ, ഇന്ത്യൻ പുരുഷ ടീമിൽനിന്ന് വ്യക്തിപരമായ അവാർഡുകളൊന്നും ഇല്ലെന്നതിനു പുറമേ, ഐസിസിയുടെ 2024ലെ അവാർഡ് ടീമിലും ഒരു ഇന്ത്യൻ പുരുഷ താരം പോലും ഇടം നേടിയിട്ടുമില്ല.