എങ്ങനെ മറക്കും പാക്കിസ്ഥാനെ തകർത്ത ആ ഫൈനൽ; 40 വർഷം മുൻപും ടീം ഇന്ത്യ നേടി ക്രിക്കറ്റിലെ ഒരേയൊരു ‘ലോകചാംപ്യൻഷിപ്’

Mail This Article
ഐസിസി ചാംപ്യൻസ് ട്രോഫിയുടെ വിജയത്തിൽ രാജ്യംആഘോഷത്തിമിർപ്പിൽ നിറഞ്ഞാടുമ്പോൾ ഇന്ത്യ നേടിയ മറ്റൊരു ലോകോത്തര ഏകദിന കിരീടനേട്ടത്തിന് മാർച്ച് 10ന് 40 വയസ്സ് തികയുകയാണ്. രോഹിത് ശർമയും കൂട്ടരും മാർച്ച് 9ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ന്യൂസീലൻഡിനെ തോൽപ്പിച്ചപ്പോൾ നാലു പതിറ്റാണ്ടുമുൻപ് ഇതേ സമയം സുനിൽ ഗാവസ്കറും കൂട്ടരും കപ്പടിച്ചത് പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ തകർത്തുകൊണ്ടായിരുന്നു. 1985 മാർച്ച് 10ന് മെൽബണിലായിരുന്നു ആ വിജയം. ക്രിക്കറ്റിന് മറക്കാനാവാത്ത സുന്ദരനിമിഷങ്ങൾ സമ്മാനിച്ചായിരുന്നു ടീം ഇന്ത്യ ആ വിജയക്കപ്പ് ഏറ്റുവാങ്ങിയത്. 2025ൽ ഇന്ത്യ ചാംപ്യൻസ് ട്രോഫി കിരീടം നേടുമ്പോഴും ഗാവസ്കര്‍ ദുബായിലെ മൈതാനത്തുണ്ടായിരുന്നു. മാത്രവുമല്ല, രോഹിത് ശർമ ട്രോഫി ഏറ്റുവാങ്ങുമ്പോൾ മൈതാനത്തു തുള്ളിച്ചാടുന്ന ഗാവസ്കറുടെ വിഡിയോ വൈറലാവുകയും ചെയ്തു. എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന് വിസ്‌ഡൻ അൽമനാക് വിശേഷിപ്പിച്ചത് സുനിൽ ഗാവസ്‌കറുടെ നേതൃത്വത്തിലുള്ള 1985ലെ ഇന്ത്യൻ ടീമിനെയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ അവിസ്‌മരണീയ നിമിഷങ്ങളുടെ ആഘോഷവുമായി ബന്ധപ്പെട്ട് 2002ലാണ് 1985ലെ ടീമിനെ നൂറ്റാണ്ടിന്റെ ഇന്ത്യൻ ടീമായി വിസ്‌ഡൻ പ്രഖ്യാപിച്ചത്. 1985ൽ ബെൻസൺ ആൻഡ് ഹെഡ്‌ജസ് ലോക ക്രിക്കറ്റ് ചാംപ്യൻഷിപ് കിരീടം ചൂടിയ ഇന്ത്യൻ ടീമായിരുന്നു അത്. ഇന്ത്യൻ ക്രിക്കറ്റിന് 1983, 2007, 2011, 2024 ലോകകപ്പ് വിജയങ്ങൾക്കൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് ഈ കിരീടവുമെന്നു പറയാൻ കാരണങ്ങളേറെയാണ്.