അത് സംഭവിച്ചാൽ പാക്ക് ക്രിക്കറ്റിന് ഇനി താങ്ങില്ല; കളിക്കളത്തിലും കാലിടറി; ഐപിഎലിനോടും ‘തോറ്റ്’ പിഎസ്എൽ

Mail This Article
ഒരു ഫുട്ബോൾ മത്സരത്തിനു വേണ്ടി യുദ്ധം നിർത്തിവച്ചിട്ടുണ്ട് പണ്ടൊരിക്കൽ. 1967ൽ ബ്രസീലിയൻ ഇതിഹാസം പെലെയും സംഘവും നൈജീരിയ സന്ദർശിച്ചപ്പോൾ ആഭ്യന്തര യുദ്ധത്തിലേർപ്പെട്ടിരുന്ന രണ്ടു ചേരികളും അദ്ദേഹത്തിന്റെ കളി കാണുന്നതിനു മാത്രമായി 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു! പക്ഷേ പെലെയുടെ കാലമല്ലല്ലോ ഇത്; യുദ്ധങ്ങൾക്കു വേണ്ടി കായികമത്സരങ്ങൾ നിർത്തിവയ്ക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ തകർക്കാൻ പാക്കിസ്ഥാനു നേരെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചപ്പോൾ അതു ബാധിച്ചത് ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധത്തെ മാത്രമല്ല, കായികമേഖലയെ കൂടിയാണ്. ഇന്ത്യൻ ആക്രമണത്തിൽ ചകിതരായതോടെ പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) ക്രിക്കറ്റിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിലേക്കു മാറ്റാൻ തയാറെടുത്തു പാക്ക് ക്രിക്കറ്റ് ബോർഡ് (പിസിബി). എന്നാൽ, സുരക്ഷാ കാരണങ്ങളാൽ പിസിബിയുടെ അപേക്ഷ യുഎഇ നിരസിക്കുമെന്നാണ് വിവരം. അതേസമയം, സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് സീസൺ തന്നെ ഒരാഴ്ചത്തേക്കു നീട്ടിവയ്ക്കാൻ ബിസിസിഐയും തീരുമാനിച്ചു. മേയ് 24ന് ബെംഗളൂരുവിൽ നടത്താനിരുന്ന നീരജ് ചോപ്ര ക്ലാസിക് രാജ്യാന്തര ജാവലിൻത്രോ മത്സരവും സംഘർഷ സാഹചര്യത്തിൽ അനിശ്ചിത കാലത്തേക്കു മാറ്റിവച്ചെന്നതാണ് മറ്റൊരു തിരിച്ചടി.ഇന്ത്യൻ കായികമേഖലയിലേക്ക് ലോകം കണ്ണുനട്ടിരുന്ന മറ്റൊരു മത്സരമാണ് നീണ്ടുപോകുന്നത്. നിലവിൽ ഇന്ത്യ–പാക്ക് വെടിനിർത്തൽ വന്നതോടെ കായികമേഖലയിലും പ്രതീക്ഷയുടെ വെട്ടം തെളിഞ്ഞിട്ടുണ്ട്.