‘കളിക്കാതെ’ മധ്യനിര, സൂപ്പർതാരവുമില്ല; ഫിനിഷറെ കളിയിലൊട്ടു ‘കാണാനുമില്ല’; കപ്പിനടുത്ത് ടൈറ്റൻസിന് ടെൻഷൻ?

Mail This Article
വലിയ ബുദ്ധിമുട്ടുകളില്ലാതെ പ്ലേ ഓഫിലെത്തി. പക്ഷേ ഗുജറാത്ത് ടൈറ്റൻസിന്റെ ടെൻഷൻ തുടങ്ങുന്നത് അവിടെ നിന്നാണ്. കൃത്യമായി പറഞ്ഞാൽ പ്ലേ ഓഫ് യോഗ്യതയ്ക്കു ശേഷം ലക്നൗ സൂപ്പർ ജയന്റ്സിനോട് തോറ്റ കളി മുതൽ. പ്ലേ ഓഫ് യോഗ്യത ആഘോഷിക്കാനിറങ്ങിയ ഗുജറാത്തിനെ ലക്നൗ 33 റൺസിനു കീഴടക്കി. ആദ്യം ബാറ്റു ചെയ്ത ലക്നൗ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 235 റൺസെന്ന കൂറ്റൻ സ്കോർ ഉയർത്തിയപ്പോൾ ഗുജറാത്തിന്റെ മറുപടി 20 ഓവറിൽ ഒൻപതിന് 202ൽ അവസാനിച്ചു. ഷാറുഖ് ഖാനും (29 പന്തിൽ 57), ഷെർഫെയ്ൻ റുഥർഫോഡും (22 പന്തിൽ 38) തകർത്തുകളിച്ചിട്ടും ഗുജറാത്തിനു വിജയത്തിലെത്താൻ സാധിച്ചില്ല. സ്കോർ ബോർഡ് പരിശോധിക്കുമ്പോൾ ഗുജറാത്തിന്റെ മധ്യനിരയ്ക്ക് കളി ജയിപ്പിക്കാൻ അടുത്ത കാലത്ത് കിട്ടിയ ഒരേയൊരു അവസരമാണ് ഇതെന്നു വ്യക്തമാകും. പ്ലേ ഓഫിനു മുൻപ് ടീമിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ അപായമണി കൂടിയായി ഗുജറാത്തിനു ലക്നൗവിനെതിരായ തോൽവി. 13 മത്സരങ്ങളിൽ ഒൻപതു വിജയങ്ങൾ നേടി, 18 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഗുജറാത്തിന് പ്ലേ ഓഫ് ഒരു പ്രതിസന്ധിയേ അല്ലായിരുന്നു. അനായാസമായിരുന്നു അവരുടെ പ്ലേ ഓഫ് പ്രവേശനം. ഒൻപതു വിജയങ്ങൾ ഗുജറാത്ത് നേടിയപ്പോഴും അവരുടെ മധ്യനിര കാര്യമായൊരു പരീക്ഷണം നേരിട്ടിട്ടില്ല എന്നതാണു സത്യം.