അറിയാമോ അടിച്ചുകൂട്ടിയ റൺസ് എത്രയെന്ന്? ‘കണക്കുപറഞ്ഞ്’ ഈ താരങ്ങൾ; ഐപിഎൽ കളമൊഴിഞ്ഞാലും കൗതുകം ഇനിയും ബാക്കി

Mail This Article
‘18 നീണ്ട വർഷങ്ങൾ... യൗവനകാലം മുതലുള്ള ജീവിതം മുഴുവൻ ഈ നിമിഷത്തിനു വേണ്ടിയാണു ഞാൻ നൽകിയത്. ഇങ്ങനെയൊരു ദിവസത്തിനായി ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും അതു യാഥാർഥ്യമാകുമെന്ന് കരുതിയിരുന്നില്ല. എന്റെ ഉടലും ഉയിരും എന്നും ബെംഗളൂരുവിന് ഒപ്പമാണ്’ – ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വിഖ്യാതമായ ആ കാത്തിരിപ്പിന് വിരാമമിട്ടതിനു പിന്നാലെ സൂപ്പർതാരം വിരാട് കോലിയുടെ വാക്കുകൾ. ഐപിഎലിന്റെ ഈ 18–ാം സീസൺ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടാൻ പോകുന്നതും സുദീർഘമായ ആ കാത്തിരിപ്പിന് വിരാമമിട്ട സീസണെന്ന നിലയിലായിരിക്കും. 18 സീസണുകളിലായി ഐപിഎലിൽ ബെംഗളൂരുവിനൊപ്പം നിന്ന വിരാട് കോലിക്കുള്ള ടീമിന്റെ സ്നേഹ സമ്മാനംകൂടിയാണ് ഈ കിരീടം. ഈ സീസണിൽ 8 അർധ സെഞ്ചറികളുമായി ടീമിന്റെ നെടുംതൂണായ കോലി തന്നെയാണ് ഫൈനലിലും ബെംഗളൂരുവിന്റെ ടോപ് സ്കോറർ (35 പന്തിൽ 43). ഒരിക്കൽക്കൂടി കയ്യകലത്തെത്തിയ കിരീടം എത്തിപ്പിടിക്കാനാകാതെ പോയെങ്കിലും പഞ്ചാബ് കിങ്സിന്റെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും എന്നുവേണ്ട കളിയുടെ സമസ്ത മേഖലകളിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇരു ടീമുകളും ഇത്തവണ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഫൈനലിലെത്താനായില്ലെങ്കിലും വ്യക്തിഗത മികവുകൊണ്ട് വിസ്മയിപ്പിച്ച താരങ്ങൾ മറ്റു ടീമുകളിലുമുണ്ട്. ഈ സീസണിൽ റൺവേട്ടയിൽ മുന്നിലെത്തിയവർ ആരെല്ലാമാണ്? വിക്കറ്റ് വേട്ടയിൽ തിളങ്ങിയവരോ? പഞ്ചാബിലെയും ബെംഗളൂരുവിനെയും ഫൈനലിലേക്ക് നയിച്ചതിൽ നിർണായകമായത് ആരുടെയൊക്കെ പ്രകടനങ്ങളാണ്? ഈ സീസണിലൂടെ രാജ്യാന്തര ശ്രദ്ധയിലേക്ക് എത്തിയ യുവതാരങ്ങൾ ആരെല്ലാം? അറിയാം വിശദമായി ഇൻഫോഗ്രാഫ്കിസിലൂടെ...